Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രിക്‌സ് കൂട്ടായ്മയില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് അര്‍ജന്റീന

ബ്രിക്‌സ് കൂട്ടായ്മയില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് അര്‍ജന്റീന

ബ്യൂണസ് ഐറിസ്: വികസ്വര രാജ്യങ്ങളുടെ ബ്രിക്‌സ് കൂട്ടായ്മയില്‍ ചേരാനുള്ള ക്ഷണം നിരസിക്കുകയാണെന്ന് അര്‍ജന്റീന. പുതിയ ഭരണകൂടത്തിന് കീഴില്‍ വിദേശ നയത്തിലുള്ള മാറ്റമാണ് പുതിയ പ്രഖ്യാപനം.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തീവ്ര വലതുപക്ഷ പ്രസിഡന്റ് ജാവിയര്‍ മിലി ഡിസംബര്‍ 22ന് അയച്ച കത്തില്‍ അര്‍ജന്റീനയ്ക്ക് ഗ്രൂപ്പില്‍ ചേരാനുള്ള സമയം അനുകൂലമല്ലെന്ന് അറിയിക്കുകയായിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സിലെ മറ്റു രാജ്യങ്ങള്‍.

വിദേശകാര്യങ്ങളോടുള്ള തന്റെ സമീപനം മുന്‍ സര്‍ക്കാരില്‍ നിന്നും പല തരത്തിലും വ്യത്യസ്തമായിരിക്കുമെന്ന് മിലി തന്റെ കത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ വിദേശനയം പാശ്ചാത്യരാജ്യങ്ങളുമായി യോജിപ്പിക്കുമെന്നും വികസ്വര സമ്പദ്വ്യവസ്ഥകളുമായി അടുത്ത ബന്ധം തേടാനുള്ള മുന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്നും പ്രസിഡണ്ട് മിലി തന്റെ പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു.

മുന്‍ മധ്യ- ഇടതുപക്ഷ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ആഗോള ജിഡിപിയുടെ 25 ശതമാനം വരുന്ന ബ്രിക്സ് ഗ്രൂപ്പുമായി ചേരാന്‍ ആഗ്രഹം പ്രകടമാക്കിയിരുന്നു. എന്നാല്‍ മിലി തന്റെ പ്രചാരണ വേളയില്‍ പാശ്ചാത്യ അനുകൂല നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, ചൈനയിലും അയല്‍രാജ്യമായ ബ്രസീലിലും ‘കമ്മ്യൂണിസം ഭരിക്കുന്ന’ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു.

എന്നിരുന്നാലും, മെച്ചപ്പെട്ട വ്യാപാര- നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അര്‍ജന്റീന ബ്രിക്സുമായുള്ള സാമ്പത്തിക ബന്ധം ‘തീവ്രമാക്കാന്‍’ ശ്രമിക്കുമെന്ന് പ്രസിഡന്റ് തന്റെ കത്തില്‍ വ്യക്തമാക്കി.

ഡിസംബറില്‍ അധികാരമേറ്റ ശേഷം യു എസിനെയും ഇസ്രായേലിനെയും പിന്തുണയ്ക്കുമെന്ന് പ്രസ്താവിച്ച മിലി കടുത്ത നയ മാറ്റങ്ങളാണ് ഏറ്റെടുത്തത്.

തങ്ങളുടെ ഭൗമരാഷ്ട്രീയ വിന്യാസം അമേരിക്കയുമായും ഇസ്രായേലുമായുമാണെന്നും തങ്ങള്‍ കമ്മ്യൂണിസ്റ്റുകാരുമായി സഖ്യത്തിന് പോകുന്നില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിലി പറഞ്ഞു. എങ്കിലും അധികാരമേറ്റ ശേഷം കൂടുതല്‍ അനുരഞ്ജന സ്വഭാവം സ്വീകരിച്ചതിനാല്‍ ചൈനയ്ക്കും ബ്രസീലിനുമെതിരായ മിലിയുടെ നിലപാട് ദുര്‍ബലമായിരുന്നു.

അധികാരമേറ്റതിനുശേഷം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതോടെ പെസോയുടെ മൂല്യം 54 ശതമാനം കുറക്കുകയും ഔദ്യോഗിക വിനിമയ നിരക്ക് യു. എസ് ഡോളറിന് 366.5ല്‍ നിന്ന് 800 പെസോ ആയി ഉയര്‍ത്തുകയും ചെയ്തു.

2023 നവംബറില്‍ പണപ്പെരുപ്പം 160.9 ശതമാനമായി ഉയര്‍ന്നതോടെ മിലിയുടെ ഭരണം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലേക്ക് ഒരുങ്ങുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments