ന്യൂഡൽഹി: തെഹ്‌രീക്- ഇ- ഹുറിയത്തിനെ യുഎപിഎ പ്രകാരം നിരോധിച്ച് കേന്ദ്രസർക്കാർ. സംഘടന നിയമവിരുദ്ധമാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. അന്തരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയായിരുന്നു തെഹ്‌രീക്- ഇ- ഹുറിയത്തിന്റെ തലവൻ. സംഘടന ഇന്ത്യാവിരുദ്ധ പ്രചരണം നടത്തിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ജമ്മു കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്നതിനും ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനുമുള്ള നിരോധിത പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കാശ്മീരിൽ വിഘടനവാദത്തിന് ഊർജം പകരാൻ സംഘടന ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്തുന്നതായി കണ്ടെത്തി. ഭീകരതയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയെയും സംഘടനയെയും നിരോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
മുസ്ളീം ലീഗ് ജമ്മു കാശ്‌മീർ (മസറത് അലാം ഫാക്ഷൻ, എംഎൽജെകെ- എംഎ) നിരോധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തെഹ്‌രീക്- ഇ- ഹുറിയത്തിനെ കേന്ദ്രം നിരോധിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് മുസ്ളീം ലീഗ് ജമ്മു കാശ്‌മീരിനെ കേന്ദ്രസർക്കാർ നിരോധിച്ചത്. ജമ്മു കാശ്‌മീരിൽ മുസ്ളീം ഭരണം കൊണ്ടുവരാൻ സംഘടന ശ്രമിച്ചുവെന്നും കേന്ദ്രം ആരോപിച്ചു.