അബുദാബി/ദുബായ്/റാസൽഖൈമ: പ്രതീക്ഷകളുടെ പുതുവർഷപ്പുലരിയെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വെടിക്കെട്ടിലൂടെ 2024നെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പട്രോളിങും ശക്തമാക്കി. പുതുവർഷത്തെ ആദ്യ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ അബുദാബിയും റാസൽഖൈമയും രംഗത്തുണ്ട്.
2023നെ സ്വാഗതംചെയ്ത് അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറിയ ഡ്രോൺ, ലേസർ ഷോയും വെടിക്കെട്ടും.
അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള വെടിക്കെട്ട് രാത്രി 12ന് അരങ്ങേറുക. യുഎഇ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത കരിമരുന്ന് പ്രയോഗത്തിനാണ് സ്വദേശികളും വിദേശികളും സാക്ഷ്യം വഹിക്കുക. നാലര കിലോമീറ്റർ നീളത്തിൽ 8 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടുമായി റാസൽഖൈമയും രംഗത്തുണ്ട്.
ചരിത്രമുഹൂർത്തത്തിന് കണ്ണുംനട്ടിരിക്കുകയാണ് യുഎഇ. റെക്കോർഡ് പ്രകടനങ്ങൾക്കു പുറമെ ബുർജ് ഖലീഫയിലേത് ഉൾപ്പെടെ ദുബായിൽ 32 ഇടങ്ങളിലായി 45 വെടിക്കെട്ടുകളും ഒരുക്കിയിട്ടുണ്ട്. അബുദാബി കോർണിഷ്, അൽമർയ ഐലൻഡ്, ഹുദൈരിയാത്ത്, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലും ആകാശത്ത് അഗ്നിപുഷ്പങ്ങൾ വിരിയിച്ച് പുതുവർഷത്തെ സ്വാഗതം ചെയ്യും.