കൊച്ചി: വ്യാജ രേഖയുണ്ടാക്കി അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുക്കുന്നവർക്ക് മുൻ സബ് കലക്ടർ കൂട്ടുനിന്നതിനെതിരെ ഒറ്റപ്പാലം ആർ.ഡി.ഒ ഓഫിസിലേക്ക് ജനുവരി 18ന് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദലിത് -ആദിവാസി -വനിത പൗരാവകാശ കൂട്ടായ്മ. ഭൂ സർവേ രേഖകളോ ടി.എൽ.എ ഉത്തരവുകളോ ആദിവാസി ഭൂസംരക്ഷണത്തിന്റെ പരിരക്ഷയോ നോക്കാതെ മുൻ സബ്കലക്ടർ ഭൂ മാഫിയക്ക് ഒത്താശ ചെയ്തുവെന്നാണ് ആദിവാസികളുടെ ആരോപണം.
ഒറ്റപ്പാലം മുൻ സബ് കലക്ടർ ഭൂമാഫിയക്ക് അനുകൂലമായി എടുത്ത തീരുമാനങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. ആദിവാസി ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസ് നിലവിലിരിക്കെ അതേ ഭൂമിക്ക് വ്യാജ ആധാരങ്ങൾ നിർമിച്ച് ഭൂമി തട്ടിയെടുക്കാൻ എത്തിയവർക്ക് റവന്യൂ ഉദ്യോഗസ്ഥർ സഹായം നൽകുന്നു. മുൻ സബ് കലക്ടർ ആദിവാസികളെ വിളിച്ച് ഹിയറിങ് പോലും തെറ്റായി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആദിവാസി മഹാസഭ നേതാവ് ടി.ആർ ചന്ദ്രൻ പറഞ്ഞു.
ആദിവാസികൾ റവന്യൂ മന്ത്രി കെ. രാജനെ നേരിട്ട് കണ്ട് നിവേദനം നൽകിയിരുന്നു. പാലക്കാട് കലക്ടർ ആദിവാസികളുടെ പരാതികൾ നേരിട്ട് കേൾക്കുമെന്നായിരുന്നു അന്ന് മന്ത്രി നൽകിയ ഉറപ്പ്. മന്ത്രി നൽകിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. നിവേദനം നൽകിയതിനു ശേഷവും നിരവധി സ്ഥലങ്ങളിൽ ആദിവാസി ഭൂമി പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായി. ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ പരാതികളൊന്നും ഫലം കണ്ടില്ല.
ആദിവാസികൾക്കെതിരായി കോടതി ഉത്തരവുകൾ സമ്പാദിക്കാൻ ഭൂമാഫിയകൾക്ക് കഴിയുന്നു. റവന്യൂ ഉദ്യോഗസ്ഥർ അതിന് ആവശ്യമായ രേഖകൾ തയാറാക്കി നൽകുന്നു. സർവേ നമ്പരിനെക്കുറിച്ച് പോലും തിരിച്ചറിവില്ലാത്ത ആദിവാസി അമ്മമാരെ ഉദ്യോഗസ്ഥർ പറ്റിക്കുന്നു. കോടതി ഉത്തരവ് ലഭിച്ചാൽ തൊട്ടടുത്ത ദിവസം പൊലീസ് സംരക്ഷണയിൽ ഭൂമി പിടിച്ചെടുക്കുകയാണ്.
ആദിവാസികൾ നിലവിൽ നികുതിയടക്കുന്ന ഭൂമിക്ക് പോലും മാഫികൾ വ്യാജരേഖ ഉണ്ടാക്കിയിരിക്കുന്നു. ടി.എൽ.എ കേസ് നിലവിലുള്ള ഭൂമിക്ക് പവർ ഓഫ് അറ്റോർണി എഴുതി വാങ്ങി കേസ് നടത്തുന്നുണ്ട്. അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിന് വൻ സംഘം പ്രവർത്തിക്കുന്നുണ്ട്.
റവന്യൂ ഓഫിസുകളിലെല്ലാം ഭൂമാഫിയ സംഘത്തെ സഹായിക്കാൻ ഉദ്യോഗസ്ഥരുണ്ട്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വ്യാജ രേഖകൾ നിർമിച്ച് ഭൂമി തട്ടിയെടുക്കുന്നത്. ഇതിന് ഒറ്റപ്പാലത്തെ പുതിയ സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ടി.ആർ. ചന്ദ്രൻ ‘മാധ്യമം’ ഓൺലൈനോട് പറഞ്ഞു. കോട്ടത്തറ വില്ലേജിലെ രണ്ടു സർവേ നമ്പറിലെ ഭൂമി കൈയേറ്റവും അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കൈയേറ്റവും സംബന്ധിച്ച് കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ജനുവരി നാലിന് നിയമസഭാ സ്പീക്കർക്ക് നൽകാനും ദലിത് -ആദിവാസി -വനിത പൗരാവകാശ കൂട്ടായ്മ തീരുമാനിച്ചു.