ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജയ്ഹിന്ദ് ടി.വി ചാനലിനായി മുടക്കിയ പണത്തിന്റെ വിശദാംശങ്ങൾ ഈ മാസം 11ന് നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കാൻ ചാനൽ മേധാവിക്ക് സി.ബി.ഐ നോട്ടീസ്. ശിവകുമാറിനെതിരായ അവിഹിത സ്വത്ത് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ബംഗളുരു ഓഫിസാണ് ജയ്ഹിന്ദ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബി.എസ്. ഷിജുവിന് നോട്ടീസ് നൽകിയത്.
ഡി.കെ. ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ, മകൻ, മറ്റു കുടുംബാംഗങ്ങൾ എന്നിവർ ചാനലിന് നൽകിയ പണം, ഇരുവർക്കും ചാനൽ നൽകിയ ലാഭവിഹിതം, ഓഹരി ഇടപാടുകൾ, പണമിടപാടുകളുടെ ബാങ്ക് രേഖകൾ, ചാനലിന്റെ അക്കൗണ്ട് പുസ്തകത്തിലെ വിവരങ്ങൾ തുടങ്ങിയവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സി.ബി.ഐ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകുമെന്ന് മാനേജിങ് ഡയറക്ടർ ബി.എസ്. ഷിജു ‘മാധ്യമ’ത്തോട് പറഞ്ഞു.