കോട്ടയം: സിൽവർലൈനിന് ഭൂമി നൽകാനാവില്ലെന്ന് ദക്ഷിണ റെയിൽവെ. ഭൂമി വിട്ടു നൽകിയാൽ ഭാവി റെയിൽ വികസനം തടസപ്പെടുമെന്ന് കേന്ദ്ര റെയിൽവെ ബോർഡിന് നൽകിയ റിപ്പോർട്ടിൽ റെയിൽവെ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാവില്ലെന്നും അലൈൻമെന്റ് അന്തിമമാക്കിയത് റെയിൽവെയുമായി ആശയവിനിമയം നടത്താതെയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഭൂമിയിൽ തടസ വാദമുന്നയിച്ചാണ് റിപ്പോർട്ട്.
സിൽവർലൈൻ പദ്ധതിക്ക് അനുമതി നേടി കെ റെയിൽ പലതവണ കത്തെഴുതിയ സാഹചര്യത്തിലാണ് ദക്ഷിണ റെയിൽവെ റിപ്പോർട്ട് സമർപ്പിച്ചത്. സിൽവർലൈനിനെ നിലവിലെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാകില്ലെന്നും സിൽവർലൈൻ പാത, ഇന്ത്യൻ റെയിൽവെയുടെ നിലവിലെ പാതയെ ക്രോസ് ചെയ്യുന്നത് ഭാവിയിലെ ട്രാക്ക് വിസനത്തെ ബാധിക്കും. പാതയ്ക്ക് ഇരുവശവും ഭിത്തി നിർമ്മിക്കുന്നത് റെയിൽവെ ഉപയോഗപ്പെടുത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. കോഴിക്കോട്, കണ്ണൂർ, തിരൂർ, വടകര, തലശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങി എവിടെയും സിൽവർ ലൈനിന് സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലം നൽകാനാകില്ല. ഈ സ്ഥലങ്ങൾ ഇന്ത്യൻ റെയിൽവെയുടെ വികസന പട്ടികയിലുണ്ട്.
ഭാവിയിൽ റെയിൽവെയ്ക്ക് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന ഭൂമിയാണ് കണിയാപുരത്ത് കെ റെയിൽവെ ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ–ഒല്ലൂർ സെക്‌ഷനിലും അങ്കമാലി–ആലുവ സെക്‌ഷനിലും റെയിൽവെ ട്രാക്കുകൾ തമ്മിൽ വ്യക്തമായ അകലമില്ല എന്നിങ്ങനെയാണ് ദക്ഷണി റെയിൽവെ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.