മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തതിനെതിരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം. കോൺഗ്രസ് പ്രതിഷേധത്തിനിടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടായി.
കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എംപിയും ഉമ തോമസ് എം.എൽ.എയും ടിജെ വിനോദും സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതിനിടെ ഹൈബി ഈഡൻ എംപിയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചതോടെയാണ് പ്രകോപനം ഉണ്ടാവുകയും സംഘർഷം ഉടലെടുക്കുകയും ചെയ്തത്.
പ്രവർത്തകരെ ഇറക്കി വിട്ടില്ലെങ്കിൽ നാളെ കോൺഗ്രസ് ജനപ്രതിനിധികൾ റോഡിൽ ഇറങ്ങി കരിങ്കൊടി കാണിക്കുമെന്ന് ഹൈബി മുന്നറിയിപ്പ് നൽകി. 353 വകുപ്പ് പ്രകാരമാണ് 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം റോഡ് ഉപരോധിക്കുകയാണ്. എം.എൽ.എയും എം.പിയും അടക്കമുള്ള നേതാക്കൾ സ്റ്റേഷനിലെത്തിയിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ പരാതി.