കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്സില്‍ നടന്‍ സുരേഷ് ഗോപി എം.പിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകും. കുറ്റപത്രം നല്‍കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചചെയ്തു.രണ്ടാഴ്ച കൂടി കഴിഞ്ഞ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രം തയ്യാറായിട്ടുണ്ട്. കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്.ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പു കൂടി പൊലീസ് ചേര്‍ത്തു.ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. കുറ്റപത്രം വിലയിരുത്തലിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവര്‍ ഇത് വിലയിരുത്തിയ ശേഷം രണ്ടാഴ്ചക്ക് ശേഷമേ കോടതിയില്‍ സമര്‍പ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചന.
ഇതിനിടെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന വിലയിരുത്തലും ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്.സുരേഷ് ഗോപിയെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരേഷ് ഗോപി അന്ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ആറുപേരില്‍ നിന്ന് മൊഴിയെടുത്ത് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. എന്നാല്‍ നവകേരള സദസ് ജില്ലയില്‍ പര്യടനം നടത്തുന്നതിനാല്‍ അന്ന് കുറ്റപത്രം സമര്‍പ്പിക്കാനായില്ല.സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. പുതിയ വകുപ്പ് കൂടി ചേര്‍ത്ത സാഹചര്യത്തില്‍ അറസ്റ്റു ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കെയാണ് മുന്‍കൂര്‍ ജാമ്യത്തിന് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.