കോട്ടയം: സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചത് അംഗീകരിച്ച് കെസിബിസി. പ്രസ്താവന പിൻവലിച്ചത് നല്ല ഉദ്ദേശത്തിൽ എടുക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണ് വിഷമം ഉണ്ടാക്കിയത്. അത് പിൻവലിച്ചു നല്ലതാണെന്നും മാർ ക്ലിമിസ് കത്തോലിക്ക ബാവ റിപ്പോർട്ടറിനോട് പറഞ്ഞു.
അദ്ദേഹത്തന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാമല്ലൊ. പക്ഷെ ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. അത് പിൻവലിച്ചു. നാളെത്തെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മണിക്കൂറുകൾ ഇനിയുമുണ്ടല്ലൊ, നാളെ ജീവിച്ചിരിക്കുമെങ്കിൽ കാണാമല്ലൊ എന്നും ബിഷപ്പ് മറുപടി പറഞ്ഞു.
സർക്കാരുമായി സഹകരിക്കില്ലെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ അറിയച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാൻ തന്റെ പരാമർശം പിൻവലിക്കുന്നതായി പറഞ്ഞത്. ആർക്കെങ്കിലും പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.
കേക്കും വീഞ്ഞും പരാമർശം പിൻവലിക്കുന്നു. മണിപ്പൂർ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. അതിൽ ഉറച്ചു നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യൻ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സജി ചെറിയാൻ പരാമർശം പിൻവലിക്കുന്നതായി അറിയിച്ചത്.