വാഷിങ്ടൺ: യുദ്ധം തീർന്നാൽ ഗസ്സയിൽ ഇസ്രായേലികളെ പുനരധിവസിപ്പിക്കണമെന്ന ഇസ്രായേൽ മന്ത്രിയുടെ ആവശ്യം തള്ളി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ഇസ്രായേലി മന്ത്രിമാരായ സ്‌മോട്രിച്ചും ബെൻ ഗ്വിറും നടത്തിയ പ്രകോപനപരവും നിരത്തുരവാദപരമായ പ്രസ്താവന തള്ളുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ ട്വീറ്റ് ചെയ്തു.
ഗസ്സയിൽനിന്ന് ഫലസ്തീനികളുടെ കൂട്ട കുടിയൊഴിപ്പിക്കൽ ഉണ്ടാവില്ലെന്ന് മില്ലർ പറഞ്ഞു. ഗസ്സ ഫലസ്തീനികളുടെ മണ്ണാണ്, അത് ഫലസ്തീനികളുടേതായി തുടരുമെന്ന് തന്നെയാണ് തങ്ങളുടെ കൃത്യവും വ്യക്തവും അസന്നിഗ്ധവുമായ നിലപാട്. എന്നാണ് അതിന്റെ നിയന്ത്രണം ഹമാസിനായിരിക്കില്ല. ഇസ്രായേലിനെ ഭീഷണിപ്പെടുത്താൻ ഒരു തീവ്രവാദ സംഘടനയേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്ര വലതുപക്ഷ നേതാവും ഇസ്രായേലി ധനമന്ത്രിയുമായ ബെസലേൽ സ്‌മോട്രിച്ച് ആണ് യുദ്ധം തീർന്നാൽ ഗസ്സയിൽ ഇസ്രായേലികളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഗസ്സയിൽനിന്ന് ഫലസ്തീനികളുടെ പലായനമുണ്ടാകുമെന്നും നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്നും സ്‌മോട്രിച്ച് പറഞ്ഞിരുന്നു. ഗസ്സയിലെ 20 ലക്ഷം ജനസംഖ്യയിൽ ആരും നിരപരാധികളല്ലെന്നും അവർ അവിടെനിന്ന് ഒഴിഞ്ഞുപോകാൻ വേണ്ട സമ്മർദങ്ങൾ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.