ആലപ്പുഴ: ബിഷപ്പുമാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി ബിജെപി. മന്ത്രി മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഐപിസി 153 എ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
കടുത്ത ബിജെപി വിരോധം വെച്ചുപുലര്‍ത്തുന്നയാളാണ് സജി ചെറിയാന്‍. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ ബിഷപ്പുമാരെ അപകീര്‍ത്തിപ്പെടുത്തി മതവിദ്വേഷം ഉണ്ടാക്കണം എന്നുള്ള മനഃപൂര്‍വ്വമായ ഉദ്ദേശത്തോടും അറിവോടും കരുതലോടും കൂടി ദ്വയാര്‍ത്ഥം വരുന്ന ഭാഷയില്‍ ബഹുമാന്യരായ ബിഷപ്പുമാരെ അധിക്ഷേപിച്ച് സംസാരിക്കുകയുണ്ടായി. ക്രിസ്തുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് സജി ചെറിയാന്റെ പ്രസ്താവന എന്നും പരാതിയില്‍ ആരോപിക്കുന്നു. ക്രൈസ്തവ ബിഷപ്പുമാരെയും അതിലെ വിശ്വാസികളെയും പൊതുജനമധ്യത്തില്‍ താഴ്ത്തികെട്ടണമെന്നും അപമാനിക്കണമെന്നുമുള്ള ഉദ്ദേശത്തോടും ലക്ഷ്യത്തോടെയുമാണ് പരാമര്‍ശമെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
ചില ബിഷപ്പുമാര്‍ക്ക് ബിജെപി നേതാക്കള്‍ വിളിച്ചാല്‍ പ്രത്യേക രോമാഞ്ചമാണെന്നും മുന്തിരി വീഞ്ഞും കേക്കും ആസ്വദിക്കുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കിയത് എന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്ര നോര്‍ത്ത് സിപിഐഎം ലോക്കല്‍കമ്മിറ്റി ഓഫീസായ ആര്‍ മുരളീധരന്‍ നായര്‍ സ്മാരക മന്ദിരം ഉദ്ഘാടന ചടങ്ങിലായിരുന്നു ഇത്. പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ സജി ചെറിയാന്‍ പിന്‍വലിച്ചിരുന്നു. കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിക്കുന്നു. മണിപ്പൂര്‍ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് പ്രസ്താവന പിന്‍വലിച്ചുകൊണ്ട് സജി ചെറിയാന്‍ പറഞ്ഞത്. രാജ്യത്ത് ക്രിസ്ത്യന്‍ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സജി ചെറിയാന്‍ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചത്.