Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം ജനുവരി 13 ന്

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം ജനുവരി 13 ന്

മാഞ്ചസ്റ്റർ : മഞ്ഞിൻ കുളിരണിയുന്ന മകര മാസത്തിലേക്ക് കടക്കുന്ന വേളയിൽ യുകെയിലെ പ്രശസ്തമായ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി അഘോഷിക്കുവാന്‍ മാഞ്ചസ്റ്റർ ഒരുങ്ങുന്നു. 2024  ജനുവരി 13 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2  മുതല്‍ വൈകിട്ട്  9 മണി വരെ മാഞ്ചസ്റ്റർ ജെയിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് ഭക്ത്യാദരപൂര്‍വ്വം ആഘോഷങ്ങൾ നടക്കുന്നത്.

രണ്ട് മണിക്ക് നെറ്റിപ്പട്ടവും ശബരീശന്റെ തിടമ്പും ഏറ്റിയ മാഞ്ചസ്റ്റര്‍ മണികണ്ഠന്‍ എന്ന ഗജവീരൻ, യുകെയിലെ പ്രശസ്തമായ ചെണ്ടമേള കലാകാരന്‍മാരായ മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെമ്പട മേളം, മുത്തുക്കുടകൾ, താലപ്പൊലിയേന്തിയ നൂറുകണക്കിന് ഭക്തജനങ്ങൾ എന്നിവരുടെ അകമ്പടിയോടെ മകരവിളക്ക് ഉത്സവത്തിന്റെ കൊടിയേറ്റ എഴുന്നെള്ളിപ്പ് ആരംഭിക്കും. എഴുന്നെള്ളിപ്പ് ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ ഉത്സവതന്ത്രി പ്രസാദ് ഭട്ട് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് തത്വമസി ഭജന സംഘം ഒരുക്കുന്ന ഭക്തി ഗാനസുധ ആരംഭിക്കും. പ്രസാദ് ഭട്ടിന്റെ നേതൃത്വത്തില്‍ ഗണപതി പൂജ, പൂങ്കാവന പൂജ, വിളക്ക് പൂജ, പതിനെട്ട് പടിപൂജ, അര്‍ച്ചന, ദീപാരാധന, ഹരിവരാസനം എന്നിവ നടക്കും. തുടർന്ന് മഹാ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

കുടുംബത്തിന്റെ സര്‍വ്വ ഐശ്വര്യത്തിനും സാക്ഷാല്‍ കലിയുഗവരദന്റെ അനുഗ്രഹത്തിനും  കൃപാ കടാക്ഷങ്ങള്‍ക്കുമായി  ഭഗവാന് കുടുംബ അര്‍ച്ചന നടത്തുവാനുള്ള സൗകര്യവും ഒപ്പം അയ്യന്റെ പതിനെട്ടാം പടിക്കു താഴെ പറ നിറക്കുവാനുള്ള സൗകര്യവും അന്നേ ദിവസം ക്രമീകരിക്കും. ജനപങ്കാളിത്തം കൊണ്ടും കയ്യും, മെയ്യും മറന്ന് ഭക്തജനങ്ങള്‍ അഹോരാത്രം  തങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ച് ഒരുക്കുന്ന ഈ മകരവിളക്ക് മഹോത്സവത്തില്‍ ഏകദേശം 750 ൽപ്പരം  ഭക്തജനങ്ങളുടെ സാന്നിധ്യമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ അയ്യപ്പ പൂജകളില്‍ ഒന്നായ  മകരവിളക്ക് മഹോത്സവത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജാതി മത ഭേദമന്യേ ഏവരുടെയും സാന്നിധ്യം ഇക്കുറിയും പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍വിവരങ്ങൾക്ക്:

• രാധേഷ് നായർ (പ്രസിഡന്റ്) +447815819190

• ധനേഷ് (സെക്രട്ടറി) +447584 894376

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments