ജെറുസലേം: ഇസ്രായേലില്‍ ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് കൂട്ടക്കൊലയുടെ ഭാഗമായ നിരവധി ഭീകരര്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ പിടിയിലായി.
സിവിലിയന്‍മാര്‍ക്കിടയില്‍ ഒളിച്ചിരുന്ന ഭീകരരില്‍ ചിലര്‍ വെള്ളക്കൊടി പിടിച്ചിരുന്നതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ഇവരില്‍ ചിലര്‍ പങ്കെടുത്തതായി വ്യക്തമായത്.
ഖാന്‍ യൂനിസിനടുത്തുള്ള ബാനി സുഹൈല പ്രദേശത്തെ തീവ്രവാദ താവളങ്ങളില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ കാലാള്‍പ്പട ഗിവാട്ടി ബ്രിഗേഡിന്റെ സൈന്യം കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയപ്പോള്‍ നിരവധി ഭീകരരെ ഇല്ലാതാക്കി. അവരില്‍ ചിലര്‍ വാഹനങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
ഭീകരര്‍ ഉപയോഗിച്ചിരുന്ന ഡസന്‍ കണക്കിന് ടണല്‍ ഷാഫ്റ്റുകള്‍ കണ്ടെത്തി നശിപ്പിച്ചതായും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.