ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രാഥമിക സ്ഥാനാർഥിപ്പട്ടിക തയാറാക്കി കൈമാറാൻ പി.സി.സികൾക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം. ഏതാനും ദിവസത്തിനകം വിവിധ സംസ്ഥാനങ്ങളിലെ സ്ക്രീനിങ് കമ്മിറ്റികൾ പ്രഖ്യാപിക്കും. സ്ഥാനാർഥിനിർണയ നടപടി ഇതോടെ തുടങ്ങും. ആദ്യ സ്ഥാനാർഥിപ്പട്ടിക വൈകാതെ പ്രഖ്യാപിക്കുമെന്നും പാർട്ടികേന്ദ്രങ്ങൾ വിശദീകരിച്ചു.
ആകെയുള്ളതിന്റെ പകുതി ലോക്സഭ സീറ്റുകളിൽ കേന്ദ്രീകരിച്ചു പ്രവർത്തനം മുന്നോട്ടുനീക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ജയസാധ്യത കൂടുതലുണ്ടെന്ന് പാർട്ടി കരുതുന്ന സീറ്റുകളാണിവ. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പാർട്ടി സംസ്ഥാന ഘടകങ്ങളോട് ഡൽഹിയിൽ നടന്ന നേതൃയോഗം നിർദേശിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ, പ്രകടന പത്രിക, സീറ്റ് പങ്കിടൽ എന്നിവയെക്കുറിച്ച് നേതൃയോഗം ചർച്ച ചെയ്തു.
ഇൻഡ്യ സഖ്യകക്ഷികളുമായി സീറ്റു ധാരണ ഉണ്ടാക്കുന്നതിനെക്കുറിച്ച് രാജസ്ഥാൻ മുൻമുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി വ്യാഴാഴ്ച വൈകീട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് കൈമാറി. ഇതേക്കുറിച്ച് തുടർന്നു നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തു. സീറ്റു ധാരണയുടെ കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് നിർദേശിക്കുന്നതാണ് മുകുൾ വാസ്നിക് കൺവീനറായ സമിതിയുടെ റിപ്പോർട്ട്. ഇതു തയാറാക്കാൻ നേരത്തെ വിവിധ പി.സി.സി നേതൃത്വങ്ങളുമായി സമിതി ചർച്ച നടത്തിയിരുന്നു.