കൊച്ചി:കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ ആധാരം ഈടായി നൽകി ബാങ്ക് ഭരണസമിതിയുടെ സഹായത്തോടെ മൂന്നര കോടിരൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി ഇസിഐആറിൽ പറയുന്നത്. ക്രമക്കേടിന്‍റെ രേഖകൾ ലഭിച്ചു. തട്ടിപ്പിന്‍റെ വ്യാപ്തി വലുതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
മുൻ ബാങ്ക് പ്രസിഡന്‍റും കോൺഗ്രസ് പ്രാദേശിക നേതാവുമായ ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വിവിധ തലത്തിലുള്ള ക്രമക്കേടുകളുണ്ടാകുന്നത്, സഹകാരിയായ അൻവർ നൽകിയ പരാതിയിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കരുവന്നൂർ മാതൃകയിലുള്ള ക്രമക്കേടുകളുടെ വിവരം പുറത്ത് വന്നിരുന്നു. കൊറ്റനല്ലൂർ വില്ലേജിലെ 116/2 സർവേ നമ്പറിലുള്ള ഭൂമി ഈടായി കാണിച്ച് ബാങ്കിൽ നിന്ന് 7 പേരുടെ പേരിൽ 1 കോടി 70 ലക്ഷം രൂപ 2017ൽ ലോൺ അനുവദിച്ചിട്ടുണ്ട്. എന്നാൽ, വായ്പയ്ക്ക് ഈടായി വെച്ചത് റജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ്. ഭൂ ഉടമ അറിയാതെ ഭൂമി ഈടായി നൽകാൻ ബാങ്ക് ഭരണസമിതി അംഗവും വേളൂക്കര പഞ്ചായത്ത് അംഗവുമായ യൂസഫ് കൊടകര പറമ്പിലാണ് വസ്തു നോട്ട റിപ്പോർട്ട് നൽകിയത്. ഈ റിപ്പോട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടികൾ വായപ് അനുവദിച്ചത്.
ഭൂമി താൻ അറിയാതെ മറ്റ് ചിലർ പണയപ്പെടുത്തിയെന്ന് മനസിലായതോടെ റജി കൊടകര മജിസ്ട്രേറ്റ് കോടതിയിൽ ബാങ്ക് ഭരണസമിതിയ്ക്തിരെ പരാതി നൽകിയിട്ടുണ്ട്. സമാനമായ നിരവധി വായ്പ ക്രമക്കേടുകൾ ഭാങ്കിൽ നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 2024 ലെ ആദ്യ കേസായാണ് തുമ്പൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഇസിഐആർ. 7 പേരെ പ്രതിയാക്കി ആളൂർ പൊലീസ് എടുത്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. കേസിൽ മുൻ ഭരണസമിതി അംഗങ്ങളടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യും. നിലവിൽ അഡ്മിന്സ്ട്രേറ്റീവ് ഭരണത്തിലാണ് തുമ്പൂർ സർവീസ് സഹകരണ ബാങ്ക്.