കൊല്ലം:സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അപ്പീൽ ബാഹുല്യത്തിൽ വലഞ്ഞ് സംഘാടകർ. മുൻസിഫ് കോടതി മുതൽ ഹൈക്കോടതി വരെയുള്ള കോടതികളിൽ നിന്ന് അപ്പീലുമായി വിദ്യാർഥികൾ എത്തിയതോടെ മുഖ്യ വേദിയായ ആശ്രാമം മൈതാനിയിൽ ഉൾപ്പെടെ മൽസരങ്ങൾ അർധരാത്രിക്ക് ശേഷമാണ് ഇന്നലെ അവസാനിച്ചത്. അപ്പീലുകളുടെ ബാഹുല്യം കലോൽസവ സമയ ക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. സബ് കോടതി മുതൽ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാർഥികൾ മൽസരത്തിന് എത്തുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ലാ തലങ്ങളിൽ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ എത്തിയവർ പോലും അപ്പീലുമായി എത്തുന്നത് മൽസര സംഘാടനത്തെ ബാധിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, കൊല്ലത്ത് നടക്കുന്ന കലോത്സവത്തിന്‍റെ രണ്ടാം ദിനത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധമുണ്ടായി. സൗണ്ട് സംവിധാനങ്ങളില്‍ അപാകതയുണ്ടെന്നാണ് പരാതി. നാടന്‍പാട്ട് കലാകാരന്മാരാണ് പ്രതിഷേധിക്കുന്നത്. മത്സരത്തിന് നാലാം നിലയിൽ വേദി അനുവദിച്ചതും നാടൻ പാട്ടിനോടുള്ള അവഗണനയെന്ന് ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്. നാടന്‍പാട്ട് മത്സരത്തിന് സൗകര്യമില്ലാത്ത വേദി അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്നപരിഹാരമുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം.