തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മാണം ഈ വര്‍ഷം മേയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം വിഴിഞ്ഞത്തെത്തിയ മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തി. ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി അതേപടി തുടരില്ലെന്ന് മന്ത്രി വ്യക്തമാക്കി.
3,000 മീറ്റര്‍ പുലിമുട്ടിന്റെ 2,850 മീറ്റര്‍ ഭാഗം പൂര്‍ത്തിയായിട്ടുണ്ട്. 15 ക്രെയിനുകള്‍ എത്തി. ബാക്കി 17 എണ്ണം മാര്‍ച്ചോടെ എത്തും. റോഡ് കണക്ടിവിറ്റിക്കായി 42 സെന്റ് സ്ഥലമേറ്റെടുപ്പിന്റെ പ്രവൃത്തികള്‍ നടക്കുന്നു. ഉദ്ദേശിച്ച സമയത്ത് തന്നെ കമ്മീഷന് ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു.
തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും അദാനിയും ഉയര്‍ത്തിയ പരാതികള്‍ രമ്യമായി പരിഹരിക്കും. അദാനി ഗ്രൂപ്പിന് നല്‍കാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വേഗത്തില്‍ അനുവദിക്കാനുള്ള ശ്രമത്തിലാണ്.
ചുറ്റുമതില്‍ നിര്‍മാണം നടത്തിയാലേ തുറമുഖത്തിലേക്ക് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സുരക്ഷാ കോഡ് ലഭിക്കൂ. ഇതിനായി ലത്തീന്‍ സഭയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ വേണ്ട നടപടിയും വേഗത്തിലാക്കുമെന്ന് മന്ത്രി വാസവന് അറിയിച്ചു.