തൃശൂര്‍: ഗാന്ധിഘാതകരുടെ വോട്ട് വേണ്ടെന്ന് ടി.എൻ പ്രതാപൻ എം.പി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങാനിരിക്കെയാണ് തൃശൂര്‍ എം.പി യായ ടി.എൻ പ്രതാപനും ബി.ജെ.പിയും തമ്മിലുള്ള പോര് മുറുകുന്നത്. പാർലമെന്‍റിൽ ചെന്ന് മോദിയുടെയും അമിത് ഷായുടെയും നേർക്ക് നേർക്കുനിന്ന് സത്യം വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്കിന്റെ പൂർണ രൂപം
പാർലമെന്‍റിൽ ചെന്ന് മോദിയുടെയും അമിത് ഷായുടെയും നേർക്ക് നേർക്കുനിന്ന് സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്. മുഖത്തു നോക്കി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സ്‌കൂൾ കാലം മുതൽക്കേ ആർഎസ്എസ് ഗുണ്ടകളെ കണ്ടും നേരിട്ടും വളർന്നുവന്ന പൊതുപ്രവർത്തകനാണ് ഞാൻ.
സത്യത്തിനൊപ്പമാണ് ഞാൻ. വെറുപ്പിന്‍റെ ഉപാസകരെ ഒരിക്കലും പേടിക്കില്ല. അവരോട് മരണം വരെ സന്ധിയുമില്ല. അതുകൊണ്ട്, ബി.ജെ.പി പ്രസിഡന്‍റിന്‍റെ ഭീഷണി തന്‍റെ അടുത്ത് വേണ്ട.
മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും ഭരണഘടനയാൽ ജീവിത മന്ത്രമാണ്. എന്‍റെ പൊതുജീവിതത്തിന് ഒരു ആർ.എസ്.എസുകാരന്‍റെയും സർട്ടിഫിക്കേറ്റ് വേണ്ട, ഗാന്ധിഘാതകരുടെ വോട്ടും വേണ്ടെന്ന് പ്രതാപൻ തുറന്നടിച്ചു.