മുപ്പതുപേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് മമ്മൂട്ടി സ്വീകരിച്ച മനുഷ്യസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും വഴി പിന്തുടര്‍ന്ന് അമേരിക്കയിലെ അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മ. ഇലക്ട്രിക് വീൽ ചെയർ എന്ന സ്വപ്നം കൊണ്ടുനടന്ന വിശാൽ എന്ന യുവ അംഗപരിമിതന് രണ്ട് ലക്ഷം ചിലവ് വരുന്ന ഉപകരണമാണ് അമേരിക്കയിലെ മമ്മൂട്ടി ആരാധകർ യാഥാർഥ്യമാക്കി കൊടുത്തത്. വിശാലിന്റെ അപേക്ഷ ലഭിച്ച മമ്മൂട്ടി ആരാധകർ ഒരാഴ്ച കൊണ്ട് ഇലക്ട്രിക് വീൽചെയർ എത്തിച്ചു നൽകുകയായിരുന്നു. മമ്മൂട്ടിയും കെയര്‍ ആന്‍ഡ് ഷെയറും ചേര്‍ന്ന് അര്‍ഹരായ 30 പേര്‍ക്ക് ഈയിടെ ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചിരുന്നു.
ഇലക്ട്രിക് വീൽചെയർ ഏറ്റവും അത്യാവശ്യമായ ഒരു വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ വിശാൽ എന്ന് മനസ്സിലാക്കിയ ഫാൻസ് പ്രവർത്തകർ, മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയെ ആവശ്യം അറിയിക്കുകയായിരുന്നു. കെയർ ആൻഡ് ഷെയര്‍ അദ്ദേഹത്തിന് വീൽചെയർ എത്തിച്ചു നൽകാനുള്ള എല്ലാവിധ സഹായങ്ങളും നൽകി.
അമേരിക്കയിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് ഗോവിന്ദൻ, സെക്രട്ടറി നിഷാദ് കാവുങ്കൽ, ട്രഷറർ ബൈജു ജോൺ എന്നിവരാണ് ഇലക്ട്രിക് വീൽചെയറിനു വേണ്ട പണം സമാഹരിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ അമേരിക്കയിലെ കോർഡിനേറ്റർ റോഷൻ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.