തിരുവനന്തപുരം: സി.പി.എം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 30,000 പ്രത്യേക കേഡർമാരെ വിന്യസിക്കാനാണ് പാർട്ടി നീക്കം. ഇതിനായി ഇവർക്ക് പാർട്ടി പരിശീലനം നൽകും. ഈ മാസം അവസാനം തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കാനാണ് ആലോചന.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുറിവ് സി.പി.എമ്മിന് ഇതുവരെ ഉണങ്ങിയിട്ടില്ല. 20ൽ 19 സീറ്റും നഷ്ടപ്പെട്ട് ദയനീയ പരാജയമാണ് അന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. കഴിഞ്ഞ തവണ ശബരിമല സ്ത്രീപ്രവേശനവും രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതുമെല്ലാം പരാജയത്തിന്റെ ആക്കം കൂട്ടിയെന്നാണ് പാർട്ടി വിലയിരുത്തിയത്. അതുകൊണ്ട് ഇത്തവണ കരുതലോടെയാണ് നീക്കം. നവകേരള സദസോടെ താഴെത്തട്ട് വരെയുള്ള മുന്നണി സംവിധാനം ഉണർന്നതായി നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. അത് നിലനിർത്തിപ്പോകാനാണ് സി.പി.എം തീരുമാനം. രാഷ്ട്രീയ, ജനകീയ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാനും സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും വിപുലമായ പ്രചാരണമാണ് പാർട്ടി ആലോചിക്കുന്നത്.