ഗസ്സയിൽ ജീവൻ പണയംവെച്ച് മാധ്യമപ്രവർത്തനം നടത്തിയ മൂന്ന് മാധ്യമപ്രവർത്തകർക്ക് വിഖ്യാത റോറി പെക്ക് പുരസ്കാരം

Global Indian Writer · November 27, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: യുദ്ധം തകർത്ത ഗസ്സയിൽ ജീവൻ പണയംവെച്ച് മാധ്യമപ്രവർത്തനം നടത്തിയ മൂന്ന് അസോസിയേറ്റഡ് പ്രസ് (എ.പി) ഫ്രീലാൻസ് മാധ്യമപ്രവർത്തകർക്ക് വിഖ്യാത റോറി പെക്ക് പുരസ്കാരം. ഫോട്ടോ ജേണലിസ്റ്റുകളായ അബ്ദുൽ കരീം ഹന, ജിഹാദ് അൽശറഫി, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മറിയം ദഗ്ഗ എന്നിവരാണ് റോറി പെക്ക് ട്രസ്റ്റിന്റെ മികച്ച ഫ്രീലാൻസ് മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരത്തിന് അർഹരായത്.

2025 ആഗസ്റ്റിൽ തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് മറിയം കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് ആരംഭിച്ച ഗസ്സ യുദ്ധത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ചവരാണ് മൂവരും. ഇസ്രായേലിന്റെ നിരന്തര വ്യോമാക്രമണങ്ങളും ദുരിതാശ്വാസ സഹായങ്ങൾക്കേർപ്പെടുത്തിയ ഉപരോധവും സൃഷ്ടിച്ച കൊടിയ മാനുഷിക പ്രതിസന്ധിയും ജനങ്ങളുടെ കൂട്ടപ്പലായനവും ഇവർ കാമറയിൽ പകർത്തി.

വലിയ വില നൽകേണ്ടിവന്ന അസാധാരണ ചിത്രങ്ങളെന്നാണ് പുരസ്കാരദാന ചടങ്ങിന്റെ അവതാരകയും ബ്രിട്ടനിലെ ഐ.ടി.വി ന്യൂസ് മാധ്യമപ്രവർത്തകയുമായ ജൂലി എച്ചിങ്ഹാം ഇവരുടെ ചിത്രങ്ങളെ വിശേഷിപ്പിച്ചത്.

മൂവർക്കുമൊപ്പം പ്രവർത്തിച്ചിരുന്ന എ.പി ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ശ്ബൈർ അവർക്കുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. 2024ൽ കുടുംബത്തോടൊപ്പം ഗസ്സ വിട്ട ഫാത്തിമ, ഗസ്സയിലെ ജനങ്ങളുടെ ദുരിതവും മനുഷ്യത്വവും ഒരുപോലെ പകർത്തുന്നതായിരുന്നു ഇവരുടെ ചിത്രങ്ങളെന്ന് പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.