തിരുവനന്തപുരം: പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ ടി. മധുസൂദനെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊലവിളി പ്രസംഗം കലാപത്തിന് വഴിവെക്കുന്നതാണെന്നും പ്രസംഗത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിലക്കേണ്ടതായിരുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊലപാതക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും സിപിഎം ഊരിയ വാൾ ഉറയിലിടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ കണ്ണൂരിലെ പ്രസംഗത്തെ അദ്ദേഹം ന്യായീകരിച്ചു. മുഖ്യമന്ത്രി വിദ്വേഷപ്രസംഗമല്ല നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്തുവന്നാലും നിയമപരമായി നേരിടുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചോരക്ക് ചോര എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും വേട്ടയാടൽ എസ്ഐടി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലവിളി പ്രസംഗത്തിൽ ടി.ഐ മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപാഹ്വാനം, സമാധാനാന്തരീക്ഷം തകർക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
‘ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെവിട്ടെങ്കിലും അവരൊന്നും ഇന്ന് ജീവനോടെ ഇല്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. പാർട്ടിക്കെതിരെ സാമൂഹമാധ്യമങ്ങളിൽ എഴുതുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കും’- എന്നായിരുന്നു ടി.ഐ മധുസൂദനന്റെ വിവാദ കൊലവിളി പ്രസംഗം. ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെയും അദ്ദേഹം പരിഹാസമുന്നയിച്ചിരുന്നു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.