കൊല്ലം: സ്‌കൂൾ കലോത്സവത്തിൽ കിരീടമുയർത്തി കണ്ണൂർ. 952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്.949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്.
23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക് എത്തുന്നത്. 1997,98,2000 വർഷങ്ങളിലായിരുന്നു മുൻപത്തെ നേട്ടം. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം ഏറ്റുവാങ്ങി.ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനം നിലനിർത്തിയായിരുന്നു കണ്ണൂരിന്റെ കുതിപ്പ്. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. ഹൈസ്‌കൂൾ നാടകവിഭാഗത്തിൽ കണ്ണൂർ നൽകിയ അപ്പീൽ പരിഗണിച്ചതോടെ അതുവരെ രണ്ടുപോയിന്റിന് മുന്നിലുണ്ടായിരുന്ന കോഴിക്കോട് പിന്നിലേക്ക് നീങ്ങുകയായിരുന്നു.
നാളെ കണ്ണൂരിൽ കലോത്സവ ജേതാകൾക്ക് സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 5 മണിക്ക് കണ്ണൂരിൽ സ്വീകരണ യോഗവും നടക്കും.
മറ്റുജില്ലകളുടെ പോയിന്റ് നില
തൃശൂർ- 925
മലപ്പുറം- 913
കൊല്ലം- 910
എറണാകുളം- 899
തിരുവനന്തപുരം- 870
ആലപ്പുഴ- 852
കാസർകോട്- 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്‌എസ് 249 പോയിന്റുമായി ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ 116 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി.