കാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിനിക്ക് ലൈംഗിക ചുവയോടെ വാട്സ് ആപ് സന്ദേശം അയച്ച അസോസിയറ്റ് പ്രഫസറെ മാറ്റി. വാഴ്സിറ്റിയിലെ സംഘ്പരിവാർ അനുകൂലിയായ അധ്യാപകനായതിനാൽ പ്രശ്നം ഒതുക്കിത്തീർക്കുകയും നടപടി ഉത്തരവിൽ വിഷയം പരാമർശിക്കാതെ അധ്യാപകനെ സംരക്ഷിക്കുകയും ചെയ്തു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് തിരുവനന്തപുരം ബി.എ. പ്രോഗ്രാമിലെ അധ്യാപകനാണ് സ്വന്തം ഗവേഷക വിദ്യാർഥിനിക്ക് സന്ദേശം അയച്ചത്.
വിദ്യാർഥിനി നൽകിയ പരാതി വാഴ്സിറ്റി ആഭ്യന്തര പരാതി പരിഹാര സമിതിയിലാണ്. നേരത്തേ ഇംഗ്ലീഷ് അസോസിയറ്റ് പ്രഫസറും സംഘ്പരിവാർ സഹയാത്രികനുമായ ഇഫ്തികർ അഹമ്മദിനെതിരെ വിദ്യാർഥി നൽകിയ പരാതിയും ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് കലക്ടർക്ക് പരാതി കൈമാറിയതോടെ അധ്യാപകനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു.
അധ്യാപകൻ ഇപ്പോൾ ജാമ്യത്തിലാണ്. നേരത്തേ ഡോ. പ്രസാദ് പന്ന്യനെ ഗൈഡ് സ്ഥാനത്ത്നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പെൺകുട്ടി നൽകിയ പരാതി പീഡനപരാതിയാക്കി മാറ്റി നൽകാൻ വിദ്യാർഥിനിയോട് ആവശ്യപ്പെട്ട സംഭവം വാഴ്സിറ്റിയിലുണ്ട്. തുടർന്ന് പ്രസാദ് പന്ന്യനെ രണ്ട് വർഷത്തോളം സസ്പെൻഡ് ചെയ്തിരുന്നു.
കോടതി ഇടപെട്ടതിനെ തുടർന്നാണ് അദ്ദേഹം തിരികെ സർവിസിൽ കയറിയത്. ഡോ. ഉമ പുരുഷോത്തമനെതിരെ വകുപ്പ് മേധാവി ഡോ. കെ. ജയപ്രസാദ് കാബിനകത്ത് വധഭീഷണി മുഴക്കിയ പരാതിയും സർവകലാശാല ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നു. ഇത് വനിത കമീഷനു മുന്നിലാണ്. ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ ഫാഷിസത്തിനെതിരെ ക്ലാസെടുത്തതിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. ഇവരാരും സംഘ്പരിവാർ സഹയാത്രികരല്ലാത്തതിനാൽ ഇവർക്ക് നീതി ലഭിക്കാൻ കോടതിയെ സമീപിക്കേണ്ടിവരുന്നു.