ടൊറന്റോ : വിദേശ വിദ്യാർഥികൾ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പു വരുത്താൻ കാനഡ പുതിയ പോർട്ടൽ ആരംഭിച്ചു. പോർട്ടലിൽ സമർപ്പിക്കുന്ന ‘ലെറ്റർ ഓഫ് അക്സപ്റ്റൻസ്’ യഥാർഥമെന്നു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം 10 ദിവസത്തിനകം സ്ഥിരീകരിച്ചാൽ മാത്രമേ വീസ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കൂ. രാജ്യത്ത് വിദേശ വിദ്യാർഥികളെ സ്വീകരിക്കാൻ അനുമതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമേ പോർട്ടലിൽ പ്രവേശിക്കാനാകൂ.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറുപടിയില്ലെങ്കിൽ അപേക്ഷ തള്ളും; ഫീസ് വിദ്യാർഥിക്കു തിരികെ നൽകുകയും ചെയ്യും. വിദ്യാർഥികൾ തട്ടിപ്പിനിരയാകാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണു പുതിയ സംവിധാനമെന്ന് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡ (ഐആർസിസി) അറിയിച്ചു.