ന്യൂജേഴ്‌സി: രാജ്യത്തെ വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ കോണ്‍ഗ്രസിന് പകരം മറ്റൊരു പ്രസ്ഥാനമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. അമേരിക്കയിൽ ആദ്യമായി സന്ദർശനം നടത്തുന്ന കെ. സുധാകരന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി.യുടെ അധികാരഗര്‍വ്വിനെ തോല്‍പ്പിക്കാന്‍ രാജ്യത്തുള്ളത് കോൺഗ്രസ് മാത്രമാണ്. കോണ്‍ഗ്രസിന് പകരം വയ്ക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇല്ല. ബി.ജെ.പി. ഭരിക്കുന്നതിന്റെ പിറകില്‍ ഒരു പാട് രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനം വര്‍ഗീയമാണ്. വര്‍ഗ്ഗീയ വികാരം കത്തി ജ്വലിപ്പിച്ച് ഈ രാജ്യത്തെ മുമ്പോട്ടു കൊണ്ടുപോകാന്‍ ഏറെക്കാലം സാധിക്കില്ല.
ഈ നാട് കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ്. കോണ്‍ഗ്രസാണ് ഈ ഭാരതത്തെ ഉണ്ടാക്കിയത്. ചിന്നിചിതറികിടന്ന ഒരു രാഷ്ട്രമാണ് ഭാരതം. ആ നാട് ഇന്ന് പ്രശസ്തമായ രാഷ്ട്രമാക്കി മാറ്റിയതിന്റെ പിറകില്‍ ആ നേതൃത്വമാണ്. ഏഴെട്ടുകൊല്ലമായി മാത്രം ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി. അല്ല.
ഇന്ത്യയിലേതു പോലെ ഒരു സ്വാതന്ത്ര്യസമരം ലോകത്തെവിടെയെങ്കിലും നടന്നിട്ടുണ്ടോ? നിരായുധരായി പടപൊരുതി സാമ്രാജ്യത്വശക്തിയെ ഇന്ത്യയില്‍ നിന്ന് ഓടിച്ച രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസാണ്. ലോകം പുതിയൊരു സമരമുഖം കാണുകയായിരുന്നു. ബ്രിട്ടന്‍ തലകുനിക്കേണ്ടിവന്നു ഗാന്ധിജിയുടെ ആഹിംസ സമരത്തിനു മുമ്പില്‍. ഒരു പുതിയ ചരിത്രം ലോകം നോക്കികാണുകയായിരുന്നു.
ഇന്ത്യയിൽ മതങ്ങള്‍ വ്യത്യസ്തമാണ്. ഭാഷകള്‍ വ്യത്യസ്തമാണ്. സംസ്‌കാരങ്ങള്‍ വ്യത്യസ്തമാണ്. എല്ലാം വ്യത്യസ്തമാണ്. വൈവിദ്ധ്യത്തിന്റെ മണ്ണാണ് ഇന്ത്യ. ബഹുമുഖമാണ് ഇന്ത്യയുടെ വ്യക്തിത്വം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായപ്പോള്‍ ലണ്ടന്‍ ടൈംസ് എഴുതിയത് ഇന്ത്യാരാജ്യം ഏറെ കാലം നിലനില്‍ക്കില്ല. വര്‍ഗ്ഗീയ കലാപം കൊണ്ടോ, ഭാഷാ കലാപം കൊണ്ടോ, സാംസ്‌കാരിക കലാപം കൊണ്ടോ, രാഷ്ട്രീയ കലാപം കൊണ്ടോ ഇന്ത്യ രാജ്യം തകരാം. അതിനെ യോജിപ്പിച്ച് കൊണ്ടുപോകാന്‍ നെഹ്‌റുവിന് സാധിക്കില്ല എന്ന്. ഒരു ബഹുരാഷ്ട്രസമുച്ചയത്തില്‍ നിന്ന് ഒരു രാഷ്ട്രത്തിന്റെ അസ്ഥിത്വം ഉണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നായിരുന്നു അവസാന വാചകം.
എന്നാൽ ഏവരെയും അമ്പരപ്പിച്ചു ഇന്ത്യയെ കാത്തുരക്ഷിക്കാന്‍ സാധിച്ചതിനു പിന്നില്‍ കോണ്‍ഗ്രസിന്റെ മിടുക്കാണ്. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ഈ നാടില്ല. ഒരു ഹിന്ദുവിലെ കോണ്‍ഗ്രസ് എന്ന വികാരം, മുസല്‍മാനിലെ കോണ്‍ഗ്രസ് എന്ന വികാരം, ക്രിസ്ത്യാനിയിലെ കോണ്‍ഗ്രസ് എന്ന വികാരം, വ്യത്യസ്തമായ മതങ്ങളിലെ കോണ്‍ഗ്രസ് എന്ന വികാരമാണ് നാനാമതങ്ങളെ സംയോജിപ്പിച്ച് നിര്‍ത്തിയത്. ആ വികാരമാണ് ഭാഷയ്ക്കതീതമായി ഈ രാജ്യത്തെ പിടിച്ചു നിര്‍ത്തിയത്. അതുകൊണ്ട് കോണ്‍ഗ്രസ് ഇല്ലെങ്കിൽ ഇന്ത്യയില്ല.
രാഹുല്‍ഗാന്ധി നാലായിരം കിലോമീറ്റര്‍ നടന്നു. തനിക്ക് അധികാരം തരണമെന്നല്ല അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്നല്ല. സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സാമ്രാജ്യം കെട്ടിപ്പടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അധികാരഗര്‍വ്വിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ആ കോണ്‍ഗ്രസ് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല. കോണ്‍ഗ്രസ് നിലനില്‍ക്കണം.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇവിടെ അരിയില്ല, തുണിയില്ല, വിദ്യാഭ്യാസം ഇല്ല, ശാസ്ത്രമില്ല. ഒന്നുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. ആ നാട് ഇന്ന് എവിടെയാണുള്ളത്എ? അരിയില്ലാത്ത നാട് അരികയറ്റി അയക്കുന്ന പതിമൂന്ന് രാജ്യങ്ങളിലെന്നായി. വസ്ത്രമില്ലാത്ത രാജ്യം വസ്ത്രം കയറ്റി അയക്കുന്ന ലോകത്തിലെ ഒമ്പത് രാജ്യങ്ങളില്‍ ഒന്നായി. വിദ്യാഭ്യാസമില്ലാത്ത ഈ നാട് ശാസ്ത്രസാങ്കേതിക രംഗത്ത് ലോകത്തിലെ പവര്‍ ഹൗസായി.
ഇതൊക്കെ ഉണ്ടാക്കിയത്കോണ്‍ഗ്രസാണ്.
സ്റ്റേജ് നാടകം പോലെയാണ് പിണറായി വിജയന്റെ ഓരോ പ്രവര്‍ത്തനങ്ങളും. നവകേരള യാത്ര ആർക്കുവേണ്ടിയായിരുന്നു? കോണ്‍ഗ്രസിന്റെ കുട്ടികളെ അടിച്ച്, തല്ലിയൊടിച്ചു. ഞങ്ങള്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിച്ചു. വെള്ളം ചീറ്റിച്ചു. ആ ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടി നമ്മുടെ മേലെ വന്നു വീണാല്‍ കൈയും കാലും പോവുകയില്ലേ. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.
ഈ യാത്രകൊണ്ട് കേരളത്തിന് എന്ത് കിട്ടി. എത്ര കോടിയാണ് ചെലവഴിച്ചത്. ഇയാളുടെ ഒടുക്കത്തെ യാത്രയ്ക്കു വേണ്ടി ബസിനു മാത്രം ചെലവഴിച്ച കാശെത്രയാ.
ആറായിരം പോലീസുകാരാണ് ഇദ്ദേഹത്തിന്റെ സംരക്ഷണത്തിന്. ശബരിമലയില്‍ രണ്ടായിരം പോലീസുകാർ. ശബരിമലയില്‍ തിരക്കില്‍ ശ്വാസം മുട്ടി ഭക്തജനങ്ങള്‍ മടങ്ങിപ്പോയി. പോലീസ് യാത്രയുടെ കൂടെയാണ്. ഇന്ത്യയിലെവിടെയെങ്കിലും ആറായിരം പോലീസിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി യാത്ര നടത്തിയിട്ടുണ്ടോ?
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സി.പി.എം.ന്റെ ഗുണ്ടകള്‍ ഡ്രസുമിട്ട് കാറുമെടുത്ത് ഇതിന്റെ പിറകെ യാത്ര ചെയ്യുകയാണ്. ആ ഗുണ്ടകളാണ് ഈ തല്ലുന്നതും പിടക്കുന്നതുമൊക്കെ. ഒരു മുഖ്യമന്ത്രിക്ക് യോജിച്ചതാണോ ഇത്. ഇത്രയും വൃത്തിക്കെട്ട ഒരു മുഖ്യമന്ത്രി കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെതാണ്. അപമാനഭാരം കൊണ്ട് തലകുനിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍.
ഇതുപോലെയൊരു തറ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. ആ കൊച്ചുകേരളത്തില്‍ ജീവിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നയൊരാളാണ് ഞാന്‍. അതുകൊണ്ട് ഇതൊക്കെ മാറ്റി മറിക്കാന്‍ നമ്മുക്കു സാധിക്കണം. നാട്ടില്‍ നിങ്ങളുടെ കുടുംബാംഗങ്ങളെ കോണ്‍ഗ്രസിന്റെ പ്രതീകങ്ങളായി മാറ്റിയെടുക്കണം. അവര്‍ക്ക് രാഷ്ട്രീയബോധം പകരണം.
മണിപ്പൂരില്‍ മാസങ്ങളോളം കൂട്ടക്കൊല നടന്നില്ലേ. നടന്നത് തീര്‍ത്തും വര്‍ഗ്ഗീയമല്ലേ. വിലക്ക് ലംഘിച്ച രാഹുല്‍ ഗാന്ധിയെന്ന കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് അവിടെ പോയി. ആ യാത്രയാണ് സത്യത്തില്‍ മണിപ്പൂരിലെ സംഘർഷം കുറച്ചത്. കേരളത്തിൽ കോൺഗ്രസ് എല്ലാ മേഖലയിലും മുന്നേറുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.
ചടങ്ങിൽ ന്യു യോർക്ക്, ന്യു ജേഴ്‌സി, പെൻസിൽവേനിയ, അരിസോണ ചാപ്റ്ററുകളും ഭാരവാഹികളെയും പ്രഖ്യാപിച്ചു.