തൊടുപുഴ: ഹർത്താലും കരിങ്കൊടി പ്രതിഷേധങ്ങൾക്കും ഇടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്. ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലർ സമ്മർദ്ദപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പെടാത്ത ഗവർണർക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർ രാജഭവനിലേക്ക് മാർച്ച് നടത്തുമ്പോഴാണ് ഗവർണർ തൊടുപുഴയിലെത്തിയത്.
ഗവർണറുടെ നടപടിയോടുള്ള പ്രതിഷേധം ഹർത്താൽ പ്രഖ്യാപിച്ചാണ് ഇടതുമുന്നണി പ്രകടിപ്പിച്ചത്. ഹര്‍ത്താലില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ആലുവ ഗസ്റ്റ് ഹൗസിൽ നിന്നും 11 മണിയോടെ തൊടുപുഴയിലെത്തിയ ഗവർണർക്ക് എതിരെ എഫ് എഫ് ഐ, ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പ്രതിഷേധ ബാനറും കരിങ്കോടിയു വീശി. ജില്ലാ അതിർത്തി മുതൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം ഉണ്ടായിരുന്നു. ഹർത്താലിനിടെ ചടങ്ങിലെത്തിയ ഗവർണരുടേത് ധീരമായ നടപടി എന്ന് പറഞ്ഞാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ സ്വീകരിച്ചത്. മലയാളത്തിൽ സംസാരിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്.
വ്യാപാരികളുടെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.വ്യാപാരികളെയും വ്യവസായികളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. അതിന്‍റെറെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വ്യാപാരികൾക്ക് സഹായകമെന്ന് കരുതുകയാണ്. ലാഭം ഉണ്ടാക്കുന്നതു മാത്രമല്ല ജീവകാരുണ്യവും ഉത്തരവാദിത്വമാണെന്ന വ്യാപാരികളുടെ നിലപാട് മാതൃകാപരം. എത്ര അധികാരം ഉണ്ടെങ്കിലും നിയമം അതിനുമുകളിലാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ആളുകളാണെങ്കിലും നിയമം ലംഘിക്കാൻ അധികാരമില്ല. ഡൽഹിയിലേക്കുള്ള യാത്രയിൽ ചില മലയാളി വിദ്യാർഥികളെ കണ്ടു. കേരളത്തിലെ വിദ്യാർഥികൾ മികച്ച നിലവാരമുള്ളവരാണ്.
നാല് വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചരവർഷമെങ്കിലും എടുക്കുമെന്നാണ് കേരളം വിട്ട് ഡൽഹിയിലേക്ക് വന്നത് എന്തിനാണെന്ന ചോദ്യത്തിന് വിദ്യാർഥികൾ മറുപടി നല്‍കിയത്. രാഷ്ട്രീയ സംഘടനകൾ ഹർത്താലും മറ്റും പ്രഖ്യാപിക്കുകയാണ്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഇത്തരക്കാരെ കാണാം.ഹർത്താൽ പ്രഖ്യാപിച്ചതിന്‍റെ കാരണം അറിയില്ല. താന്‍ ബ്ബർ സ്റ്റാമ്പല്ലെന്നും കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുക കൂടിയാണ് തന്‍റെ കടമയെന്നും ഗവര്‍ണര്‍ പറഞ്ഞു. ചിലർ സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 35ാം വയസിൽ അഞ്ച് തവണയാണ് വധഭീഷണി നേരിട്ടത്. ഇതൊന്നുമല്ല. 1985, 1986,1987 എന്നീ വര്‍ഷങ്ങളിലെല്ലാം വധഭീഷണി നേരിട്ടിട്ടുണ്ട്.
1990ല്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരിക്കല്‍ ആക്രമിച്ചു. തല വെട്ടിപൊളിച്ചിട്ടും തനിക്കൊന്നും സംഭവിച്ചില്ല. അപ്പോള്‍ പോലും പേടിച്ചിട്ടില്ല. പിന്നെന്തിനാണ് 72 വയസിൽ പേടിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഞാനൊരു പൊതു സേവകനാണ്. എന്‍റെ നിലപാടിൽ വിട്ടുവീഴ്ചയില്ല. ഏത് രാഷ്ട്രീയത്തിൽ നിന്നുള്ള ഏത് വ്യക്തി എതിർത്താലും എന്‍റെ കടമ നിർവഹിക്കും. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പോയ ഗവര്‍ണര്‍ കാറില്‍നിന്ന് റോഡിലേക്കിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. കുട്ടികള്‍ക്കൊപ്പം ഫോട്ടോയുമെടുത്തു. പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടയിലും ഗവർണർക്കെതിരെ വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായി.
ഗവർണറുടെ ധീരമായ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കേരള വ്യാപാര വ്യവസായ ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിളി പറഞ്ഞു. സംഘടന ആരുടെയും ഉമ്മാക്കി കണ്ട് ഭയക്കില്ലെന്ന് കെ കരുണാകരൻ ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തിയതാണ്. സർക്കാരുമായി പടപൊരുതി മുന്നോട്ട് പോകാനല്ല. സഹകരിച്ച് പോകാനാണ് ആഗ്രഹിക്കുന്നത്. ഗവർണർ തന്ന തീയതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ബില്ല് ഒപ്പിടാത്തത് ഗവർണറുടെ കുറ്റമായി വ്യാപാരി വ്യവസായി ഏകോപന സമിതി കരുതുന്നില്ലബില്ലിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണെന്നും സണ്ണി പൈമ്പിളി പറഞ്ഞു.