ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ അവകാശ തർക്കവുമായി ഭീകരസംഘടനകളായ താലിബാനും ഐഎസും. തിങ്കളാഴ്ചയാണ് വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് സുരക്ഷ നൽകിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.
ആക്രമണത്തിന് പിന്നാലെ അവകാശ വാദവുമായി പാക് താലിബാൻ രംഗത്തെത്തി. തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പാക് താലിബാൻ അറിയിച്ചു. എന്നാൽ, തൊട്ടുപിന്നാലെ ഐഎസും രംഗത്തെത്തി. നടത്താത്ത ആക്രമണത്തിന്റെ അവകാശം താലിബാൻ ഏറ്റെടുക്കുകയാണെന്നും യഥാർഥത്തിൽ തങ്ങളാണ് ആക്രമണം നടത്തിയതെന്നും ഐഎസ് അറിയിച്ചു. എന്നാൽ, ഐഎസിന്റെ ആരോപണത്തിന് പാക് താലിബാൻ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പാക് താലിബാന്റെ മുൻ ശക്തികേന്ദ്രമായ മാമുണ്ട് ജില്ലയിലാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിന് ശേഷം കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. 22 പേർക്ക് പരിക്കേൽക്കുകയും ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു.
വാക്സിനേഷൻ കാമ്പെയ്‌നുകൾ കുട്ടികളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണെന്ന് ഇസ്ലാമിക തീവ്രവാദികൾ ആരോപിക്കുന്നു. ഭീകരവാദ ആക്രമണത്തെെ തുടർന്ന് മാമുണ്ടിലെ വാക്സിനേഷൻ യജ്ഞം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും നിർത്തിവച്ചു. ഇപ്പോഴും പോളിയോ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ.