കണ്ണൂർ: കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുക സാധാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനോടായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാക്കളെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരവും പ്രക്ഷോഭവും നടത്തുമ്പോൾ ആർജ്ജവം വേണം. കൽത്തുറങ്കിൽ കിടക്കേണ്ടിവരും. പറയുമ്പോൾ കാണിക്കുന്ന ആവേശം പോരാ അതിനുള്ള മനസ്സ് വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തെ ഹീറോ ആക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജാമ്യം കിട്ടാൻ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി. കോടതി പരിശോധിച്ചപ്പോൾ അത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് മനസ്സിലായി. അങ്ങനെയാണ് കോടതി ജയിലിൽ അടച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിൽ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. രാഹുൽ നൽകിയ ജാമ്യഹർജി കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതിയാണ് ഹർജി തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ടതിന് ശേഷമായിരുന്നു കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ രാഹുലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തുകയും രാഹുലിന് ജാമ്യം നിഷേധിക്കുകയുമായിരുന്നു.
നിയമവിരുദ്ധമായി സംഘം ചേർന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. രാഹുലിന് ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാഹുലിൻ്റേതും സംഘത്തിൻ്റേതും നിയമവിരുദ്ധ സംഘം ചേരൽ. പൊലീസിനെ അക്രമിച്ച പട്ടികകളുമായി എന്തിനാണ് മാർച്ചിന് വന്നതെന്നും കോടതി ചോദിച്ചിരുന്നു. സംഘർഷത്തിൻ്റെ തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.