ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽകെ കേരളത്തിൽ സീറ്റ് പിടിക്കാനുള്ള കണക്കുകൂട്ടിലാണ് ബി.ജെ.പി. അപ്രതീക്ഷിത സ്ഥാനാർഥികൾ ഉൾപ്പെടുന്ന പട്ടിക ഈ മാസം പുറത്തുവിടുമെന്നാണ് ലഭിക്കുന്ന വിവരം.
തൃശ്ശൂരിൽ കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയെ ഇത്തവണയും മത്സരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം. ഇതിനുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് സ്ത്രീശക്തി സംഗമം നടത്തിയത്. കൂടാതെ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഈ മാസം 17ന് മോദി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നുണ്ട്.
അതേസമയം, ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കാനും നീക്കം നടക്കുന്നുണ്ട്. അയ്യപ്പന്‍റെ കഥ പറയുന്ന മാളികപ്പുറം സിനിമയിലെ കരിയർ ഉയർത്തിയ ഉണ്ണി മുകുന്ദൻ സ്ഥാനാർഥിയായാൽ വിശ്വാസികളുടെ വോട്ട് ലഭിക്കാൻ സഹായിക്കുമെന്നാണ് ബി.ജെ.പി നിഗമനം.
അതേസമയം, പത്തനംതിട്ട സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍റെയും പി.സി. ജോർജിന്‍റെയും പേരും പരിഗണിക്കുന്നുണ്ട്. കുറച്ചുകാലമായി പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ചാണ് കുമ്മനം രാജശേഖരൻ പ്രവർത്തിക്കുന്നത്. അതേപോലെ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയോ വിദേശകാര്യ മന്ത്രി ജയ്ശങ്കറെയോ ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ നീക്കമുണ്ട്. ആറ്റിങ്ങൽ സീറ്റിൽ കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ പേരും സജീവമായി കേൾക്കുന്നുണ്ട്.