അബുദാബി : യുഎഇയിൽ സ്കൂൾ ഫീസ് വർധന പ്രവാസികളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഉയർന്ന വീട്ടുവാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും മൂലം നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് സ്കൂൾ ഫീസ് വർധന കൂടി പ്രാബല്യത്തിൽ വന്നത് തിരിച്ചടിയായി. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന കുടുംബങ്ങൾക്ക് ഈയിനത്തിൽ വൻതുക അധികമായി കണ്ടെത്തേണ്ട അവസ്ഥ. ഇതോടെ കുറഞ്ഞ ഫീസുള്ള മറ്റു സ്കൂളിലേക്കു കുട്ടികളെ മാറ്റി ചേർക്കാനാകുമോ എന്നാണ് ചിലർ പരിശോധിക്കുന്നത്. എന്നാൽ അപേക്ഷകരുടെ എണ്ണം കൂടിയതോടെ കുറഞ്ഞ ഫീസുള്ള സ്കൂളിൽ പ്രവേശനം കിട്ടുക പ്രയാസമായി.
ഏതാനും വർഷമായി ജീവിത ചെലവ് അടിക്കടി ഉയരുകയാണ്. മിക്ക കെട്ടിടങ്ങളും വാടക 5% മുതൽ 10% വരെ ഉയർത്തി. അവശ്യ സാധനങ്ങളുടെ വില ഗണ്യമായി വർധിക്കുക മാത്രമല്ല തൂക്കം കുറച്ചതും പ്രവാസികളുടെ ബജറ്റിനെ താളം തെറ്റിച്ചു. എന്നാൽ ഏതാനും വർഷമായി വർധിക്കാത്തത് ശമ്പളം മാത്രമാണെന്നാണ് പ്രവാസി കുടുംബങ്ങൾ പറയുന്നു.