Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് ദക്ഷിണാഫ്രിക്ക

അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് ദക്ഷിണാഫ്രിക്ക

ഹേഗ്: ഫലസ്തീനിൽ ഇസ്രായേലിൽ നടത്തുന്ന അക്രമവും കൂട്ടക്കൊലയും നശീകരണവും 2023 ഒക്ടോബർ ഏഴിന് ആരംഭിച്ചതല്ലെന്നും കഴിഞ്ഞ 76 വർഷമായി തുടരുന്നതാണെന്നും അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്ക. ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) നടക്കുന്ന വാദം കേൾക്കലിൽ വിഷയം അവതരിപ്പിച്ച് സംസാരിച്ച ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രി റൊണാൾഡ് ലമോളയാണ് ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്.

‘2023 ഒക്ടോബർ ആറുവരെ 76 വർഷമായി ഫലസ്തീനികൾ ആസൂത്രിതമായ അടിച്ചമർത്തലും അക്രമവും നേരിടുന്നു. ഒക്ടോബർ ഏഴുമുതൽ ഇത് ദൈനംദിന സംഭവമായി. ഒരു രാജ്യത്തിനകത്ത് എത്ര ഗുരുതരമായ സായുധ ആക്രമണം നടന്നാൽ പോലും അതിന്റെ പേരിൽ നിയമത്തിന്റെയും ധാർമികതയുടെയും എല്ലാ പരിധികളും ലംഘിച്ച് കൂട്ടക്കൊല നടത്തുന്നത് ന്യായീകരിക്കാൻ കഴിയില്ല. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണം ഈ പരിധികളെല്ലാം മറികടക്കുകയും വംശഹത്യ തടയുന്നതിനുള്ള ഉടമ്പടി ലംഘിക്കുകയും ചെയ്തിട്ടുണ്ട്’ -റൊണാൾഡ് ലമോള പറഞ്ഞു.

‘മാനവികതയുടെ ഭാഗമാണെന്ന പൂർണ ബോധ്യത്തോടെയാണ് ഫലസ്തീനിലെ ജനങ്ങൾക്ക് വേണ്ടി മൈലുകൾ താണ്ടി ഞങ്ങൾ സഹായമെത്തിക്കുന്നത് എന്നാണ് ഞങ്ങളുടെ സ്ഥാപക പ്രസിഡന്റ് നെൽസൺ മണ്ടേല പറഞ്ഞത്. ഈ നിലപാടിലുറച്ച് നിന്നാണ് വംശഹത്യ തടയുന്നതിനുള്ള ഉടമ്പടി ദക്ഷിണാഫ്രിക്ക അംഗീകരിച്ചത്. പ്രസ്തുത ഉടമ്പടിയിൽ ഒപ്പിട്ട കക്ഷി എന്ന നിലയിലാണ് ഞങ്ങൾ ഈ കോടതിയെ സമീപിക്കുന്നത്. ഇത് ഫലസ്തീനികളോടും ഇസ്രായേലികളോടും ഒരുപോലെ പ്രതിജ്ഞാബദ്ധമാണ്’ -അദ്ദേഹം വ്യക്തമാക്കി.

‘കുറഞ്ഞത് 2004 മുതൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമ, ജലം, കര അതിർത്തികൾ അടച്ച് ഉപരോധം തുടരുകയാണ്. വെള്ളം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയ്ക്ക് മേൽ കടുത്ത നിയന്ത്രണം തുടരുന്നു. കൺവെൻഷന്റെ ആർട്ടിക്കിൾ 1 ൽ പ്രതിപാദിക്കുന്ന വംശഹത്യ തടയാനാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ ഈ കേസിന് മുന്നിട്ടിറങ്ങിയത്. കോടതി മുഖേന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഇസ്രായേൽ സന്നദ്ധമായതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു” -ദക്ഷിണാഫ്രിക്കൻ നിയമമന്ത്രി വ്യക്തമാക്കി.

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) പ്രദേശിക സമയം രാവിലെ ഒമ്പത് മണിക്കാണ് കേസ് നടപടി ആരംഭിച്ചത്. അന്താരാഷ്ട്ര വംശഹത്യ തടയൽ ഉടമ്പടി ലംഘിച്ച് ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് കോടതിയെ സമീപിച്ചത്. മൂന്ന് മണിക്കൂറാണ് ഇന്നത്തെ വാദം കേൾക്കൽ. വാദം കേൾക്കൽ നാളെയും തുടരും. ഐ.സി.ജെ പ്രസിഡന്റ് യുവാൻ ഡോനോഗ് ആണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യ അടക്കം മൊത്തം 17 രാജ്യങ്ങളിലെ ജഡ്ജിമാരാണ് വാദം കേൾക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments