തിരുവനന്തപുരം : സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് വെള്ളിയാഴ്ച രാത്രി എട്ടിന് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. ‘സമര ജ്വാല’ എന്ന പേരിലാണു പ്രതിഷേധമെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചു. രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും തുടരും.
12നു കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാഹുലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കി. അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന വക്കീൽ നോട്ടിസ് അയയ്ക്കും.