ന്യൂജേഴ്‌സി: മനുഷ്യൻ പുതിയതാകണം എന്നതാണ് പുതുവത്സരത്തിന്റെ ഏറ്റവും വലിയ സന്ദേശമെന്നു റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷം പുതിയതായി, പക്ഷെ നമ്മൾ പുതിയതായോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. വർഷം പുതിയതായാലും, നമ്മൾ പഴയ മനുഷ്യരായി നിലകൊണ്ടാൽ പുതുവത്സരം കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടാവില്ല. വർഷം മാറി കൊണ്ടിരിക്കുമ്പോൾ നമ്മളും മാറുന്നില്ലെങ്കിൽ തിരിച്ചടികൾ മാത്രമാവും ഫലം.
പഴയ മനുഷ്യനിൽ നിന്നും പുതിയ മനുഷ്യനാക്കേണ്ടതാണ് ക്രിസ്തുമസ് നൽകുന്ന വലിയ സന്ദേശമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. പഴയ മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നു പോയവനാണ്. പുതിയ മനുഷ്യൻ ദൈവത്തോട് ചേർന്ന് നിൽകേണ്ടവനാണ്. ദൈവത്തിന്റെ സ്വന്തമാണ് എന്ന് തെളിയിക്കാനാണ് ദൈവം തന്നെ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു മനുഷ്യൻ ചെയ്ത തെറ്റിന് പരിഹാരം ചെയ്തത്. അങ്ങനെ പുതിയ മനുഷ്യരായി പുതുവത്സരത്തിൽ നമ്മൾക്ക് ഒരുപാടു നന്മകൾ ചെയ്തു ജീവിക്കാൻ കഴിയട്ടെയെന്നു ജസ്റ്റിസ് കുര്യൻ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു .
വൈവിധ്യമാർന്ന കലാവിരുന്നുകൾ കൊണ്ട് ശ്രദ്ധേയമായ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാമിൽ വിശിഷ്ട അതിഥികളോടൊപ്പം ഗ്ലോബൽ, അമേരിക്ക റീജിയൻ, പ്രൊവിൻസ് പ്രതിനിധികൾ പങ്കെടുത്തു.