ആലപ്പുഴ: അയോധ്യ രാമക്ഷേത്ര ചടങ്ങിൽ എന്തിന് മതവിദ്വേഷം കാണുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണമൊ വേണ്ടയോ എന്ന രാഷ്ട്രീയ തീരുമാനങ്ങൾ വോട്ടിനു വേണ്ടിയാണ്. രാമക്ഷേത്രം പണിയുക എന്നത് ഹിന്ദുക്കളുടെ വികാരമാണ്. ആ വികാരം മലവെള്ളച്ചാട്ടം പോലെ കുത്തി ഒലിച്ചെത്തും. അതിന് എതിരെ നിൽക്കുന്ന ഏത് ശക്തികളും ആ മലവെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോകും. ആര് എതിർത്താലും ഹിന്ദുക്കളിൽ ആ വികാരമുണ്ടെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു.
അതിന് എതിരായി ആര് നിൽക്കുന്നതും ശരിയല്ല. വിശ്വാസമുള്ളവർ ജാതിമതഭേദമന്യേ ദീപം തെളിക്കാൻ താൻ ആഹ്വാനം ചെയ്യുന്നു. ഉൾക്കൊള്ളാൻ മനസ്സുള്ളവർക്ക് മാത്രം ഉൾക്കൊള്ളാമെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് പോകേണ്ട എന്ന് എന്തുകൊണ്ടാണ് കോൺഗ്രസ് തീരുമാനിച്ചത് എന്ന് വെളളാപ്പളളി നടേശൻ ചോദിച്ചു. ആ തീരുമാനമെടുക്കാൻ പോലും അവർ വൈകി. സിപിഐഎം വളരെ നേരത്തെ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്ത്യാനികൾക്ക് ക്രിസ്തുവും മുസ്ലീങ്ങൾക്ക് പ്രവാചകനും ദൈവമാണെങ്കിൽ ഹിന്ദുക്കൾക്ക് രാമനും ദൈവമാണ്. ഇതൊരു വിവാദമാക്കേണ്ട കാര്യമില്ല. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും സമവായത്തിലൂടെയാണ് ബാബരി വിഷയത്തിൽ വിധി വന്നത്. അതുപ്രകാരം രണ്ടു കൂട്ടരും ആരാധനാലയങ്ങൾ പടുത്തുയർത്തുന്നു. മതവിദ്വേഷം കുത്തിയിളക്കി തമ്മിൽ തല്ലിപ്പിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും വെളളാപ്പളളി നടേശൻ കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാർക്ക് എല്ലാവർക്കും അധികാരമോഹമുണ്ടെന്ന് എം ടി വാസുദേവൻ നായരുടെ മുഖ്യമന്ത്രിക്കെതിരെയുളള വിമർശനത്തിൽ വെളളാപ്പളളി നടേശൻ പ്രതികരിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട തീരുമനങ്ങൾക്ക് പിന്നിലും അധികാരമോഹമാണ്. എം ടി പറഞ്ഞതിനെപ്പറ്റി പലരും പലതാണ് പറയുന്നത്. അതുകൊണ്ട് തൽക്കാലം അഭിപ്രായം പറയുന്നില്ലെന്നും വെളളാപ്പളളി കൂട്ടിച്ചേർത്തു.ജനുവരി 22 ന് ആണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സോണിയ ഗാന്ധി, മല്ലികാർജുൻ ഖാര്‍ഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ വ്യക്തമാക്കിയിരുന്നു. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽകരിക്കുന്നുവെന്നും പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ് നേതൃത്വം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ കക്ഷി നേതാവ് അധിര്‍രഞ്ജൻ ചൗധരിക്കുമായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്.