തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. താനും ക്ഷേത്രത്തിൽ പോകാറുണ്ട്, പ്രാർത്ഥിക്കാനാണ്, അല്ലാതെ രാഷ്ട്രീയം കളിക്കാനല്ലെന്ന് ശശിതരൂർ പറഞ്ഞു. പോയത് പുരോഹിതനല്ല പ്രധാനമന്ത്രിയാണ്. പണി പൂർത്തിയാകുന്നതിന് മുൻപുതന്നെ അയോധ്യയിൽ പോയത് രാഷ്ട്രീയ പ്രേരിതമാണെന്നും തരൂർ പ്രതികരിച്ചു.
ഇത് തിരഞ്ഞെടുപ്പിന് ബിജെപിക്ക് ഗുണം കിട്ടാൻ വേണ്ടി മാത്രമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിൽ പോകുന്നില്ലെന്ന കോൺഗ്രസിൻ്റെ തീരുമാനത്തിനെതിരെ എൻഎസ്എസ് നടത്തിയ വിമർശനത്തിനും ശശി തരൂർ മറുപടി നൽകി. എൻഎസ്എസിന് സ്വന്തം അഭിപ്രായം രേഖപ്പെടുത്താമെന്ന് ശശി തരൂർ വ്യക്തമാക്കി. ഈ അവസരത്തിലല്ല പോകേണ്ടത്. ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം താൻ രാമക്ഷേത്രത്തിൽ പോകുമെന്നും ശശി തരൂർ അറിയിച്ചു.
അതേസമയം അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും നാളെ പോകുന്നുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പ്രതിഷ്ഠാ ദിനമായ 22ന് വലിയ തിരക്കുണ്ടാകും. ആ ദിവസത്തെ സന്ദർശനം ഒഴിവാക്കണമെന്നുള്ളതിനാൽ അന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസിലെ സുരക്ഷ വർധിപ്പിച്ച വിവരമറിയില്ല. അതെല്ലാം സുരക്ഷാ ഏജൻസികളുടെ കാര്യമാണ്. താൻ അത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാംമന്ദിര്‍ ഉദ്ഘാടനം ചെയ്യും.