ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാളെ തുടങ്ങും. മണിപ്പൂർ തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തുനിന്നാണ് യാത്ര ആരംഭിക്കുക. അതിനിടെ, ഇൻഡ്യാ മുന്നണി നേതാക്കൾ ഇന്ന് ഓൺലൈനില്‍ യോഗം ചേരും.
ഇംഫാലിലെ പാലസ് ഗ്രൗണ്ട് യാത്രയുടെ ഉദ്ഘാടനത്തിന് അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തൗബലിലെ യുദ്ധസ്മാരകത്തിലേക്ക് ഉദ്ഘാടന വേദി മാറ്റിയത്. മണിപ്പൂർ പി.സി.സിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നേതാക്കൾ ഇന്ന് മണിപ്പൂരിലെത്തും.
ഒരുക്കങ്ങൾ കോൺഗ്രസ് കേന്ദ്ര നേതൃത്വവും ഇന്ന് വിലയിരുത്തും. നാലുപേര്‍ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിനു പിന്നാലെ കനത്ത പൊലീസ് കാവലിലാണ് മണിപ്പൂർ. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്കിടെ സുരക്ഷാപ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസിനുമുണ്ട്.
അതേസമയം, സീറ്റ് ധാരണയിലെ ആശയക്കുഴപ്പം പരിഹരിക്കുകയാകും ഇന്നു ചേരുന്ന ഇൻഡ്യാ മുന്നണി യോഗത്തിലെ പ്രധാന അജണ്ട. നാളെ ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് മുന്നണി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിക്കുകയും ചെയ്യും. യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകാമെന്ന് പറഞ്ഞ മമത മൂന്നാക്കി വർധിപ്പിച്ചിരുന്നു.