ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക നടത്തുന്ന കേസിനെ യു എസ്, യു കെ, കാനഡ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കള്‍ നിരസിച്ചു. അതേസമയം ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കുമെന്ന് തുര്‍ക്കി അറിയിച്ചു.
ഗാസ മുനമ്പില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് അംഗീകരിക്കുന്നില്ലെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഒട്ടാവ ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയുടെ ശക്തമായ പിന്തുണക്കാരാണെന്നും എന്നാല്‍ ‘ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച കേസിന്റെ മുന്‍തൂക്കത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു എന്നല്ല അതിനര്‍ഥ’മെന്നും ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ ആദ്യം പിന്തുണച്ച ട്രൂഡോ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്നാല്‍ ഗാസയില്‍ മരണസംഖ്യ വര്‍ധിക്കുന്നതിനിടയില്‍ പിന്നീട് തന്റെ ശൈലി മാറ്റുകയായിരുന്നു.
ഒരു കൂട്ടം വോട്ടര്‍മാരോട് സംസാരിക്കുമ്പോള്‍ ഇസ്രായേലിന്റേത് വംശഹത്യ എന്ന് വിളിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടാന്‍ അദ്ദേഹം തന്റെ ചില എം പിമാരെ അയയ്ക്കുന്നുവെന്നും അതേസമയം തന്നെ ഇസ്രയേലിന്റേത് വംശഹത്യ എന്ന് വിളിക്കുന്നതിന് എതിരാണെന്ന് പറയാന്‍ അദ്ദേഹം മറ്റൊരു സംഘത്തെ അയയ്ക്കുന്നുവെന്നും കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്ലിവ്രെ പറഞ്ഞു.
ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസ് തികച്ചും നീതീകരിക്കപ്പെടാത്തതും തെറ്റുമാണെന്നാണ് യു കെ പ്രധാനമന്ത്രി ഋഷി സുനക് വിശ്വസിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ വ്യക്തമായ അവകാശത്തില്‍ യു കെ സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയെ മാറ്റി നിര്‍ത്തിയാല്‍ ഇസ്രായേലിനുള്ള ഏറ്റവും ശക്തമായ പിന്തുണ നല്‍കുന്ന ജര്‍മ്മന്‍ സര്‍ക്കാര്‍ ലോക കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ കേസില്‍ ഇടപെടാന്‍ പദ്ധതിയിടുന്നതായി അറിയിച്ചു.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരെ ഉന്നയിക്കപ്പെട്ട വംശഹത്യയുടെ ആരോപണത്തെ ജര്‍മ്മന്‍ ഗവണ്‍മെന്റ് ഉറച്ചും വ്യക്തമായും തള്ളിക്കളയുന്നുവെന്നും ഈ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും വക്താവ് സ്റ്റെഫന്‍ ഹെബെസ്ട്രീറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണത്തിന് ശേഷം ഇസ്രായേല്‍ സ്വയം പ്രതിരോധിക്കുകയാണെന്ന് ഹെബെസ്ട്രീറ്റ് പറഞ്ഞു.
അനേകം പതിറ്റാണ്ടുകളായി ചെയ്തതുപോലെ, ജര്‍മ്മന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അതിന്റെ പ്രവര്‍ത്തനത്തില്‍ പിന്തുണയ്ക്കുന്നുവെന്നും പ്രധാന ഹിയറിംഗില്‍ മൂന്നാം കക്ഷിയായി ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നും അറിയിച്ചു.
ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ ദക്ഷിണാഫ്രിക്കയുടെ പ്രതിനിധികള്‍ തങ്ങളുടെ വാദം അവതരിപ്പിച്ചതിന് ശേഷം പറഞ്ഞു.
ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയും വംശഹത്യ ആരോപണങ്ങളെ ‘അടിസ്ഥാനരഹിതം’ എന്ന് വിളിച്ചു.
ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കുന്നത് തുര്‍ക്കി തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ഇസ്താംബൂളില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്രായേല്‍ ശിക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നീതിയില്‍വിശ്വസിക്കുന്നതായും എര്‍ദോഗന്‍ പറഞ്ഞു.
ഹോളോകോസ്റ്റിന്റെ പശ്ചാത്തലത്തില്‍ 1948-ല്‍ ഒപ്പുവച്ച യു എന്‍ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രായേല്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അടിയന്തര കേസ് ആരംഭിച്ചത്.
ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യാക്രമണം ‘ഉടന്‍’ നിര്‍ത്താന്‍ ഇസ്രായേലിനോട് ഉത്തരവിടുന്ന വിധിൈാണ് തേടുന്നത്.