ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് ഉണ്ടായ വിഷപ്പുക ശ്വസിച്ച് ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. ദില്ലി അലിപൂരിലാണ് സംഭവം. തണുപ്പകറ്റാൻ കൽക്കരി കത്തിച്ച് വച്ച് കിടന്നുറങ്ങുകയായിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കമാണ് നാല് മരണം.
ശക്തമായ മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെയും താറുമാറാക്കി. ന്യായ് യാത്രയ്ക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ വിമാനം മൂടൽമഞ്ഞിനെ തുടർന്ന് വൈകി. ദില്ലിയിൽ റെഡ് അലർട്ട് തുടരുകയാണ്. നിരവധി വിമാനങ്ങൾ വൈകി. ദില്ലിയിൽ എത്തേണ്ടിയിരുന്ന ഏഴ് വിമാനങ്ങൾ ജയ്പൂരിലേക്കും ഒരു വിമാനം മുംബൈയിലേക്കും വഴി തിരിച്ച് വിട്ടു. നോർത്തേൺ റെയിൽവേയുടെ 22 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തിയത്.
ഉത്തരേന്ത്യയിൽ അതിശൈത്യം കൂടുതൽ ശക്തി പ്രാപിച്ചതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്. തണുപ്പിൻ്റെ കാഠിന്യം ഏറ്റവും വർദ്ധിച്ച ദിവസങ്ങളിലൂടെയാണ് ഉത്തരേന്ത്യ കടന്നു പോകുന്നത്. 3 ഡിഗ്രീ സെൽഷ്യസാണ് ദില്ലിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ശക്തമായ മൂടൽ മഞ്ഞിൽ പൂജ്യം മീറ്ററാണ് രാവിലെ കാഴ്ച പരിധി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ശൈത്യ തരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. റെയിൽ റോഡ് വ്യോമ ഗതാഗതത്തെ മൂടൽ മഞ്ഞ് പ്രതികൂലമായി ബാധിച്ചു.