ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച് ഇൻഡ്യ മുന്നണിയിലെ കൂടുതൽ പാർട്ടികൾ. കോൺഗ്രസിന് പിന്നാലെ അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ട എന്ന നിലപാട് സ്വീകരിക്കുകയാണ് എൻസിപിയും സമാജ്‌വാദി പാർട്ടിയും. ചടങ്ങിൽ നിന്ന് ശരത് പവാറും അഖിലേഷ് യാദവും വിട്ടുനിൽക്കും.
പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാർ വിമർശിച്ചു. പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ രാമനിൽ വിശ്വാസമില്ല എന്നല്ല അർത്ഥമെന്നും ശരത് പവാർ വ്യക്തമാക്കി. അഖിലേഷ് യാദവ് ചടങ്ങിന് ആശംസകൾ നേർന്നു. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദർശനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
അതേസമയം അയോധ്യ ഉയർത്തിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നേതാക്കളുടെ ഭവന സന്ദർശനം ആരംഭിച്ചു. അയോധ്യ വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ച നിലപാടുകൾ തുറന്ന് കാട്ടിയാണ് പ്രചാരണം. 22ന് ശേഷം എല്ലാ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നും തീർഥാടകരെ അയോധ്യയിലെത്തിക്കുന്ന രാം ദർശൻ യാത്രയ്ക്ക് തുടക്കമാകും.