മുംബൈ: കോണ്‍ഗ്രസ് വിട്ട മിലിന്ദ് ദിയോറ ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മിലിന്ദ് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള ദിയോറയുടെ രാജി. മുംബൈ സൗത്ത് ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. കേന്ദ്ര മന്ത്രിയായിരുന്ന മുരളി ദിയോറയുടെ മകനാണ് മിലിന്ദ് ദിയോറ. സൗത്ത് മുംബൈയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ സ്ഥിരമായി വിജയിച്ച നേതാവാണ് മുരളി ദിയോറ. അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം മത്സരിച്ച് ഉദ്ദവ് താക്കറേ ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ വിജയിച്ചത്.
വരുന്ന തിരഞ്ഞെടുപ്പിലും തങ്ങള്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ശിവസേന പറഞ്ഞിരുന്നു. മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഉദ്ദവ് താക്കറേ ശിവസേന അവകാശവാദം ഉന്നയിച്ചതില്‍ മിലിന്ദ് പ്രതിഷേധം അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് 2014ന് മുമ്പ് ഈ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്ന മിലിന്ദ് ദിയോറ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ശനിയാഴ്ച ഈ അഭ്യൂഹങ്ങള്‍ മിലിന്ദ് തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഞായറാഴ്ച ഷിന്‍ഡേ ശിവസേനയില്‍ ചേരുകയായിരുന്നു.