ഗസ്സ യുദ്ധം 100 ദിനം പിന്നിടുമ്പോൾ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 10,000 കവിഞ്ഞു. ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ സേന അഴിച്ചുവിട്ട മാരക ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനത്തിലേറെ പേർ കുട്ടികളാണ്. കാണാതായവരും തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരും വേറെ. മരണം സ്ഥിരീകരിക്കാത്തതിനാൽ ഇവരെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഗസ്സയിൽ ആകെ പത്തുലക്ഷത്തോളം കുട്ടികളാണുണ്ടായിരുന്നത്. ഇതിൽ നൂറിലൊന്നു പേരും കൊല്ലപ്പെട്ടു. ദിവസവും ശരാശരി 100 കുട്ടികളെങ്കിലും കൊല്ലപ്പെടുന്നതായാണ് ‘സേവ് ദി ചിൽഡ്രൻ’ കൺട്രി ഡയറക്ടർ ജേസൺ ലീ പറയുന്നത്. ആയിരത്തോളം കുട്ടികൾക്ക് രണ്ടു കാലോ ഒരു കാലോ നഷ്ടപ്പെട്ടുകഴിഞ്ഞു. മാരകമായി പരിക്കേറ്റ, പൊള്ളലേറ്റ എത്രയോ കുട്ടികൾ. ജീവിതകാലമത്രയും അവർക്കിനി മറ്റുള്ളവരെപ്പോലെ എഴുന്നേറ്റ് നടക്കാനാവില്ല. മാതാപിതാക്കളോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളോ കൊല്ലപ്പെടാത്ത ഒരു കുട്ടിയും ഗസ്സയിലില്ല.
ഇനിയെന്ന് സ്കൂളിൽ പോകാൻ കഴിയും എന്നതിനേക്കാൾ എന്ന് വീട്ടിൽ പോകാൻ കഴിയും എന്നാവും അവർ ആലോചിക്കുന്നത്. പോകാൻ ഒരിടവും ബാക്കിയില്ല എന്ന സത്യം അറിയാതെയാണ് പല കുട്ടികളും അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നത്. 370 സ്കൂളുകൾ പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടു. അടിയന്തര മാനുഷിക സഹായം തടയപ്പെട്ട് ദുരിതത്തിലും പട്ടിണിയിലുമാണ് ഗസ്സയിലെ ഏതാണ്ടെല്ലാ കുട്ടികളും കഴിയുന്നത്.