ഡൽഹി: രാജ്യത്തുനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മാലദ്വീപ്. മാർച്ച് 15 ന് മുമ്പ് സൈന്യത്തെ പിൻവലിക്കണമെന്നാണ് ആവശ്യം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഈ നീക്കം. ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
മാർച്ച് 15നുള്ളിൽ സൈന്യത്തെ പിൻവലിക്കണമെന്ന നിർദ്ദേശമാണ് ഇന്ത്യക്ക് മുന്നിൽ മലദ്വീപ് വച്ചിരിക്കുന്നത്. മുഹമ്മദ് മുയിസുവിന്റെ ചൈന സന്ദർശനത്തിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷമുള്ള മുയിസുവിന്റെ ആദ്യ ചൈന സന്ദർശനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും മുയിസുവുമായുള്ള കൂടിക്കാഴ്ചയിൽ നയതന്ത്ര വിഷയങ്ങൾ ചർച്ചയായിരുന്നു.
രാജ്യത്ത് വിദേശ സൈന്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുയിസു പ്രസിഡന്റ് പദത്തിലേറിയതിന് പിന്നാലെ തന്നെ തന്റെ ഇന്ത്യ വിരുദ്ധ നിലപാടും വ്യക്തമാക്കുകയും ചൈനയോടടുക്കാനുള്ള താത്പര്യം പ്രകടമാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നതായിരുന്നു മുയിസു തിരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച വാഗ്ദാനം.
മാലദ്വീപ് തിരഞ്ഞെടുപ്പിൽ ഇന്ത്യാ വിരുദ്ധ വികാരങ്ങൾ പ്രചാരണായുധമാക്കിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ ഇലക്ഷന്‍ ഒബ്സര്‍വേഷന്‍ മിഷന്‍ പുറത്തുവിട് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സ്വാധീനങ്ങളെക്കുറിച്ചുള്ള ഭയവും രാജ്യത്തിനുള്ളിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു 11 ആഴ്ച നീണ്ട നിരീക്ഷണങ്ങളിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അസ്വാരസ്യങ്ങൾ നിലനിന്നിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ ലക്ഷദ്വീപിന്റെ ചിത്രം പങ്കുവച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രി നടത്തിയ പരമാർശമാണ് വീണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകാൻ കാരണമായത്. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.