.ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപിന്റെ പരാമർശം. വിവേകിന് വോട്ടു ചെയ്താൽ അത് മറുവശത്താണ് ഉപകരിക്കുകയെന്നും പറഞ്ഞു.
ലോവ തിരഞ്ഞെടുപ്പിൽ നാലാമതായുള്ള വിവേകിന് പിന്തുണ വർധിക്കുന്നുവെന്ന നിരീക്ഷണത്തെ തുടർന്നാണ് ട്രംപ് ആഞ്ഞടിച്ചത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ക്രിസ് ലാ സിവിറ്റയും വിവേകിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വിവേക് രാമസ്വാമി ചതിയനാണ്, ഇടനിലക്കാരനാണ്, സസ്യഭുക്കാണ് എന്നിങ്ങനെയാണ് ക്രിസ് ആരോപിച്ചത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ ട്രംപിന്റെ ഉറച്ച പിന്തുണക്കാരനായിരുന്നു വിവേക്. തിരഞ്ഞെടുക്കപ്പെട്ടാൽ ട്രംപിനെതിരെ ചുമത്തിയ കേസുകൾക്ക് മാപ്പ് നൽകുമെന്നും വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ട്രംപിനെ കോടതി തടഞ്ഞതിനു പിന്നാലെ പിന്മാറാൻ വിവേക് മറ്റ് റിപ്പബ്ലിക്കൻ മത്സരാർഥികളോട് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ മാസം നാലാമത്തെ സംവാദത്തിൽ രാമസ്വാമിയെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ ട്രംപും പ്രശംസിച്ചു.