ഓട്ടവ: ഭവനപ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിൽ വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാനഡ സർക്കാർ ആലോചിക്കുന്നു.
കുടിയേറ്റകാര്യ മന്ത്രി മാർക് മില്ലർ ഇതുസംബന്ധിച്ച സൂചന നൽകി. കുടിയേറ്റക്കാരുടെയും അന്താരാഷ്ട്ര വിദ്യാർഥികളുടെയും കുത്തൊഴുക്ക് രാജ്യത്ത് ഭവന പ്രതിസന്ധിക്ക് കാരണമായതായാണ് വിലയിരുത്തൽ.
പണപ്പെരുപ്പം മൂലം നിർമാണം മന്ദഗതിയിലായത് വീടുകളുടെ ആവശ്യം വർധിപ്പിക്കുന്നു. എത്ര അനുപാതത്തിലാണ് കുറക്കുകയെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുകയെന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഇക്കാര്യത്തിൽ പ്രവിശ്യ ഭരണകൂടങ്ങളുമായി കൂടിയാലോചന നടത്തിവരുകയാണ്. വിസ നടപടികൾ ലളിതമായതിനാൽ വിദേശ വിദ്യാർഥികളുടെ പ്രിയ കേന്ദ്രമായിരുന്നു കാനഡ.