വാഷിങ്ടൺ: വൈറ്റ് ഹൗസിനു പുറത്ത് വൻ ഇസ്രായേൽ വിരുദ്ധ റാലി. ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ആയിരങ്ങൾ യു.എസ് പ്രസിഡന്റിന്റെ കാര്യാലയത്തിനു പുറത്ത് തടിച്ചുകൂടിയത്. വൈറ്റ് ഹൗസിനു പുറത്തെ സുരക്ഷാവേലി തകർത്തതായും റിപ്പോർട്ടുണ്ട്. ഇതേതുടർന്ന് ഉദ്യോഗസ്ഥരെ ഇവിടെനിന്നു മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം, ഫലസ്തീനെ മോചിപ്പിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രക്ഷോഭം നടന്നത്. ഇതിനിടയിൽ സുരക്ഷയുടെ ഭാഗമായി വൈറ്റ് ഹൗസ് പരിസരത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡിന് കേടുപാടുകൾ പറ്റിയതായി യു.എസ് സീക്രട്ട് സർവീസ് അറിയിച്ചു. തുടർന്നാണു സുരക്ഷാ മുൻകരുതലെന്ന പേരിൽ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും പെൻസിൽവാനിയ അവന്യുവിലേക്കു മാറ്റിയത്.
ജോ ബൈഡനെതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഈ സമയത്ത് ബൈഡൻ വൈറ്റ് ഹൗസിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. മേരിലാൻഡിലെ പ്രസിഡന്റിന്റെ വസതിയായ ക്യംപ് ഡേവിഡിലാണ് അദ്ദേഹമുള്ളതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രതിഷേധത്തിൽ വൈറ്റ് ഹൗസിനോ അനുബന്ധ കെട്ടിടങ്ങൾക്കോ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല.
റാലി ഏറെക്കുറെ സമാധാനപരമായാണു നടന്നതെന്ന് മെട്രോപൊളിറ്റൻ പൊലീസ് തലവൻ പമേല എ. സേത്ത് പറഞ്ഞു. എന്നാൽ, ലഫായെറ്റ് പാർക്കിൽ ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ അക്രമങ്ങൾ നടന്നതായി അവർ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ, അക്രമങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും അംഗീകരിക്കാനാകില്ലെന്നും പമേല സേത്ത് വ്യക്തമാക്കി.