Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'കണ്ണെത്താ ദൂരത്തെ കാനന ദീപം': മകരവിളക്ക് മണ്ണിലും മനസ്സിലും

‘കണ്ണെത്താ ദൂരത്തെ കാനന ദീപം’: മകരവിളക്ക് മണ്ണിലും മനസ്സിലും

കുളിരലയിൽ സ്വാമി മന്ത്രം മണക്കുന്ന മകരസംക്രമ സന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിയും. അത് കര്‍പ്പൂരനാളമോ കാനനജ്യോതിയോ ആകട്ടെ, കണികണ്ടു കണ്‍നിറയുന്ന ഭക്തനിത് അഖിലംപോറ്റുമയ്യനാണ്. മാലയിട്ടു മന്ത്രം ജപിച്ച് വ്രതം നോക്കി എത്തുന്ന ആര്‍ക്കും അതൊരു അനുഭൂതിയും. ഒരു മനസോടെ, ഒരു ലക്ഷ്യത്തോടെ, ഒരു മന്ത്ര ധ്വനിയോടെ മണ്ണിലും വിണ്ണിലും തെളിയുന്ന പ്രകാശനാളത്തെ തൊഴുത് ആത്മനിര്‍വൃതി തേടുന്ന ഭക്തര്‍. ശബരിമല ലോകത്തിനു പകരുന്ന സന്ദേശം, ഒരേ ലക്ഷ്യവും ഒരേ മനസുമെന്ന ചിന്ത, അന്വര്‍ത്ഥമായി മാറുന്നതും ഇവിടെയാണ്.

ലോകം ശബരിമലയായി മാറുന്നു. മഞ്ഞിന്റെ മറനീക്കി എത്തിയ പുലരിയിലും പൊള്ളുന്ന ചൂടിനെ മാരുതന്‍ തഴുകിയ പകലിലും സ്വാമിഭക്തര്‍ കാത്തിരിക്കുന്നത് ആ മഞ്ജുളദീപ ദര്‍ശനത്തിനാണ്. കാത്തിരിപ്പിനൊടുവില്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിയും. മാലകറ്റാന്‍ മാലയിട്ട സ്വാമിമാര്‍ ശരണം വിളിക്കും. കാടത് ഏറ്റു ചൊല്ലും. പിന്നെ, തഴുകി വരുന്ന കാറ്റിനു മുതല്‍ ഞെട്ടറ്റു വീഴുന്ന ഇലയ്ക്കു പോലും ചൊല്ലാനുള്ളത് ശരണമന്ത്രമാകും. വന്യമൃഗങ്ങള്‍ സ്വാമി ഭക്തര്‍ക്കായി വഴി മാറും. പമ്പ അപ്പോഴും ഒഴുകിയൊഴുകി കുളിരണിയിക്കും. ഇരുമുടിയുമായി തിരുവടിയിലെത്തുന്ന ഭക്തനതൊരു അനുഭൂതിയാണ്. മലയുഴിയുന്ന വിളക്കും ദേവപ്രഭ ചൊരിയുന്ന നക്ഷത്രവും തൊഴുതങ്ങനെ നില്‍ക്കുന്ന ഭക്തന് ഉള്ളില്‍ നിറയുന്നത് കോടി പുണ്യം.

മിന്നി മറയുന്ന ദീപപ്രഭ ഒന്നു കണ്ടാല്‍ മതി. അതൊരു തെളിച്ചമാണ്. മനസിലെ അന്ധകാരത്തിനു മേലുള്ള വെളിച്ചവും. പതിനെട്ടാം പടിമേല്‍ വാഴുന്ന അയ്യപ്പസ്വാമിയുടെ പതിനെട്ടു മലകളിലും പര്‍ണശാലകള്‍ തീര്‍ത്ത് സ്വാമി രൂപം മനസില്‍ പ്രതിഷ്ഠിച്ച സ്വാമി ഭക്തര്‍ കാത്തിരിപ്പാണ്. മകരസംക്രമ സന്ധ്യയില്‍ വില്ലാളിവീരനായ സ്വാമി തിരുവാഭരണവിഭൂഷിതനാകുന്നതോടെ പൊന്നമ്പലമേട്ടില്‍ വിളക്കു തെളിയും. ഇടറുന്ന മെയ്യും നിറയുന്ന കണ്ണുകളുമായി സ്വാമിമാര്‍ വിളക്കു തൊഴുത് ആത്മനിര്‍വൃതി തേടും. നിന്റെ ഉള്ളിലെ ദൈവം നീ തന്നെ എന്ന ‘തത്ത്വമസി’ പൊരുള്‍ ലോകത്തിനു പകരുന്ന കാനനക്ഷേത്രം ഈ സവിശേഷ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.

കാനനക്ഷേത്രത്തെ അറിഞ്ഞൊരു യാത്ര

കൈലാസനാഥന്റെ നിര്‍ദേശാനുസരണം പരശുരാമ മഹര്‍ഷി സ്ഥാപിച്ച പന്ത്രണ്ട് ധര്‍മശാസ്താ വിഗ്രഹങ്ങളിലൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ശബരിമല അനുഭവമായി മാറുന്നത് ഇവിടേക്കുള്ള യാത്രയും കൂടിചേരുമ്പോഴാണ്. മനസും ശരീരവും ശുദ്ധിയാക്കിയുള്ള കഠിനവൃതം, അതിനെക്കാള്‍ ദുര്‍ഘടമായ പാതകള്‍ താണ്ടിയുള്ള സഞ്ചാരം, ഒടുവില്‍ പഞ്ചഭൂതനാഥനെ കണ്ടൊന്നു തൊഴുമ്പോള്‍ ഭക്തന്‍ അനുഭവിക്കുന്ന നിര്‍വൃതി, അതാകാം ശബരിമലയെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വഴിനീളെ കാത്തിരിക്കുന്ന കോടമഞ്ഞിന്റെ കുളിര്, ഹിമകണങ്ങള്‍ വര്‍ണവിസ്മയങ്ങള്‍ സമ്മാനിച്ച് മഞ്ഞുതുള്ളികള്‍, ഭക്തരെ വരവേല്‍ക്കാനെന്നവണ്ണം കാത്തിരിക്കുന്ന മലയണ്ണാനും കുരങ്ങുകളും. വളഞ്ഞും പുളഞ്ഞുമുള്ള റോഡിനിരുവശത്തായും പച്ചപ്പിന്റെ മാസ്മരിക സൗന്ദര്യം. കടന്നു പോകുന്ന വഴികളില്‍ ഇത്തിരി ഞെട്ടലുളവാക്കി ആനത്താരകളും. പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശമാണിവിടം. അപൂര്‍വഇനം സസ്യങ്ങളുടെയും മരങ്ങളുടെയും സങ്കേതംകൂടിയാണ് ശബരിമലകാടുകള്‍. നേരം നട്ടുച്ചയായാലും കോടമഞ്ഞ് വഴികളില്‍ നിറഞ്ഞു കാണാം. ഘോരമായ തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ കൂടിയാണ് സ്വാമിഭക്തര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന കറുപ്പും നീലയും വസ്ത്രമായി ധരിക്കുന്നത്.

നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതം ശബരിമല തീര്‍ഥാടനത്തില്‍ നിര്‍ബന്ധമാണ്. മണികണ്ഠനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തിനേടാനാണ് നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെന്നും വിശ്വസിക്കപ്പെടുന്നു. ഇരുമുടികെട്ടുമേന്തി ശരണം വിളികളോടെ വേണം യാത്ര ആരംഭിക്കാന്‍. പുലിപ്പാല്‍ കൊണ്ടുവരാനായി പഞ്ചഭൂതനാഥനായ അയ്യപ്പന്‍ കാട്ടിലേക്കു പോകുമ്പോള്‍ തയാറാക്കിയതാണ് ഇരുമുടികെട്ട് എന്നും വിശ്വാസമുണ്ട്. പൂജാദ്രവ്യങ്ങളും നെയ്ത്തേങ്ങയും അടങ്ങിയതാണ് ഇരുമുടികെട്ട്. പുണ്യനദിയായ പമ്പയിലെ കുളികഴിഞ്ഞ് ഗണപതിയെ കൈതൊഴുത് വിഘ്നങ്ങളകറ്റാന്‍ നാളികേരവും ഉടച്ചുവേണം മല കയറ്റം. വ്രതമെടുത്ത അടയാളമായി കഴുത്തില്‍ മാലയും ഇരുമുടികെട്ടുമെന്തി ഭക്തര്‍ മല കയറും. മല ചവിട്ടി ശരണമന്ത്ര ജപങ്ങളോടെ സന്നിധാനത്തേക്ക് എത്താം. ഇനി ഒരോ പടിയും തൊട്ടു തൊഴുതുവേണം പതിനെട്ടാം പടി കയറാന്‍, സത്യമായ പൊന്നും പതിനെട്ടാം പടിയില്‍ ഭഗവാന്റെ പാദാംബുജങ്ങള്‍ പതിഞ്ഞതാണല്ലോ. അതുകൊണ്ടുതന്നെ ഇരുമുടികെട്ടുള്ളവര്‍ക്കു മാത്രമാണ് പതിനെട്ടാം പടി ചവിട്ടുന്നതിനുള്ള അനുവാദം.

പതിനെട്ട്് മലകള്‍ക്കും പതിനെട്ട്് മലദൈവങ്ങള്‍ക്കും നടുവിലുള്ള ഭഗവാന് പതിനെട്ട്് പടികള്‍, മണികളും പത്മദള പൂക്കളും ആലേഖനം ചെയ്ത് പഞ്ചലോഹത്തില്‍ പൊതിഞ്ഞ പതിനെട്ടാംപടിയാണ് ഇപ്പോഴുള്ളത്. പതിനെട്ട്് മലകളെയും പൂജിക്കുന്നതിന് സമമായി സന്നിധാനത്ത് നടത്തിവരുന്ന പൂജയാണ് പടിപൂജ. നാളികേരം ഉടച്ചു വേണം പടി ചവിട്ടാന്‍. കാനനക്ഷേത്രമായതിനാല്‍ വന്യമൃഗങ്ങളുടെ ആക്രമത്തില്‍ നിന്ന് സംരക്ഷണം നല്‍കുവാനാവണം ഉയരത്തില്‍ ക്ഷേത്രം നിര്‍മിച്ചത്. പതിനെട്ടാംപടിക്ക് കാവലായി ഇടത് കറുപ്പസ്വാമിയും വലത് കടുത്തസ്വാമിയും ഭൂതഗണങ്ങളോടു കൂടി കാവലുണ്ട്.

പടിപതിനെട്ടും കയറിയാല്‍ നെയ്്മണമുള്ള തിരുമുറ്റത്തെ സ്വര്‍ണക്കൊടിമരം കാണാം. ക്ഷേത്രത്തിന്റെ നട്ടെല്ലായ സ്വര്‍ണക്കൊടിമരം വലംവെച്ച് അയ്യപ്പസന്നിധി തൊഴുത് ഭക്തര്‍ ശ്രീകോവിലിലേക്ക് യാത്ര തിരിക്കും.
തിരുമുറ്റത്ത് നില്‍ക്കുന്ന ഭക്തന്റെ കണ്ണുകള്‍ ആദ്യം എത്തുന്നത് ശ്രീകോവിലില്‍ ആലേഖനം ചെയ്തിരിക്കുന്ന തത്വമസി എന്ന വാചകത്തിലേക്കാകും. ശബരിമല നല്‍കുന്ന സന്ദേശം കൂടിയാണിത്, അത് നീ തന്നെയാകുന്നു, നിന്റെ ഉള്ളിലെ ദൈവം നീ തന്നെയാണ്, പ്രവര്‍ത്തിയിലൂടെ നമുക്കും ഈശ്വരതുല്യരായി മാറാം. ഒരു മനുഷ്യജന്മത്തിലെ പുണ്യമുഹൂര്‍ത്തമാണ് ശബരിമല ദര്‍ശനം എന്നാണ് വിശ്വാസം. ഒരേ മനസോടെ ഒരേയൊരു ലക്ഷ്യത്തോടെ ലോകം തിരുസന്നിധിയായി മാറുന്ന നിമിഷം, കര്‍പ്പൂരദീപപ്രഭയില്‍ സ്വാമിദര്‍ശനം. നിറഞ്ഞ മനസുമായി പാപങ്ങള്‍ പൊറുക്കണമെന്ന പ്രാര്‍ത്ഥനയോടെ അവര്‍ അയ്യനയ്യനെ ഒരു നോക്കു കണ്ടു തൊഴും.

ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ധര്‍മശാസ്താവാണ്. ധ്യാനഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി പദ്മാസനത്തിലാണ് നിലകൊള്ളുന്നത്. ശബരിമല ക്ഷേത്രം ബുദ്ധമത ക്ഷേത്രമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്. പ്രതിഷ്ഠയുടെ ഇരുപ്പ്, ശരണംവിളി, വിശ്വാസങ്ങള്‍ തുടങ്ങിയവ ബുദ്ധമതവുമായി സാദ്യശ്യം നില്‍ക്കുന്നു എന്നതാണ് ഇവര്‍ നിരത്തുന്ന ന്യായങ്ങള്‍. ശനീശ്വരനായ ഭഗവാന് നെയ്യഭിഷേകമാണ് പ്രധാനവഴിപാട്.

അയ്യപ്പദര്‍ശനത്തിനു ശേഷം ഭക്തര്‍ മാളികപ്പുറത്തേക്കു തിരിക്കും. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരു വന്നത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോള്‍ അവതരിച്ച ദേവിയാണെന്നും ആദിശക്തിയായ മധുരമീനാക്ഷിയാണ്് മാളികപ്പുറത്തമ്മയെന്നും രണ്ട് അഭിപ്രായമുണ്ട്. ദേവിയുടെ ഇഷ്ടം നിരസിച്ച അയ്യപ്പന്‍ ദേവിയുടെ ആഗ്രഹപ്രകാരം ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായി കുടികൊള്ളുകയായിരുന്നുവത്രെ. കൊച്ചുകടുത്ത സ്വാമി, മണിമണ്ഡപം, നവഗ്രഹം, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നിവയാണ് ഇവിടുത്തെ പ്രധാന ഉപദേവതകള്‍.

അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവര്‍ക്കും പതിനെട്ടാം പടിക്ക് താഴെ സ്ഥാനമൊരുക്കിയിട്ടുണ്ട്. വാവര്് പള്ളിയും അയ്യപ്പക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നത് ഇവിടുത്തെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ്. പന്തളം രാജ്യം ആക്രമിക്കാന്‍ വന്ന വാവര്‍ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തു എന്നാണ് വിശ്വാസം. കുരുമുളകാണ് വാവര്‍ നടയിലെ പ്രധാന വഴിപാട്.

സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്‌നികുണ്ഡമാണ് ആഴി. ഭക്തര്‍ അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ഏറിയുന്ന നാളികേരമാണ് ആഴിയില്‍ കത്തിജ്വലിക്കുന്നത്.
ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങയുമായി മലയിലെത്തുന്ന സ്വാമിമാര്‍ നെയ്യ് ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുകയും തേങ്ങയുടെ കഷ്ണങ്ങള്‍ മഹാ ആഴിയിലെറിയുകയും ചെയ്യുന്നതാണ് പതിവ്. ഇരുമുടിയിലെ നെയ്‌ത്തേങ്ങ ജീവാത്മാവാണെന്നാണ് സങ്കല്‍പം. നെയ്യ് അഭിഷേകം ചെയ്യുമ്പോള്‍ ജീവാത്മാവ് അയ്യപ്പനില്‍ വിലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡശരീരമായി കരുതി അത് ആഴിയില്‍ എരിക്കുകയാണ്.

മല ഇറങ്ങുന്ന ഭക്തന്റെ ഇരുമുടിയുടെ മാത്രമല്ല മനസിന്റെയും ഭാരം കുറയുന്നു. ലോകം കാനനവാസന്റെ സവിധത്തിലേക്ക് ഒഴുകിയെത്തുന്നതും ഇതുകൊണ്ടു തന്നെയാകാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments