തിരുവനന്തപുരം: കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റ് ആണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്ന് ചോദിച്ച ഹൈക്കോടതി ലോകായുക്തയ്ക്ക് എതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും പ്രതിപക്ഷ നേതാവിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിൻ്റേതാണ് നടപടി.
കെ ഫോണ്‍ പദ്ധതിയില്‍ അഴിമതിയാരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 2019ല്‍ ആരംഭിച്ച പദ്ധതി നടപടികള്‍ അവസാനിക്കാറായി. കെ ഫോണ്‍ പദ്ധതിയുടെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തി തുടങ്ങി. ഇത് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനെന്നും ഹൈക്കോടതി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ടെന്‍ഡറില്‍ അപാകതകളുണ്ടെന്നും ശേഷിക്കുന്ന തെളിവുകള്‍ സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം ഹാജരാക്കാമെന്നും പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ അറിയിച്ചു.
എങ്കില്‍ സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരേയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കാനും സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി വിസമ്മതിച്ചു.പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണം. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ വിവാദ പരാമര്‍ശം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അനുചിതമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു.