പത്തനംതിട്ട: മകരജ്യോതി ദർശനത്തിന് ശേഷം തീർത്ഥാടകർക്ക് സുഗമമായ മടക്ക യാത്ര ഒരുക്കുവാനെത്തിയ 800 ഓളം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഭക്ഷണമൊരുക്കി യൂത്ത് കോൺഗ്രസിൻറെ ശബരിമല ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ. ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ രാവിലെ പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ ഭക്ഷണം വിതരണം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം മാതൃകാപരമെന്ന് ഡി.സി.സി പ്രസിഡൻറ്പറഞ്ഞു. മറ്റ് ജില്ലകളിൽ നിന്നുമെത്തിയ ജീവനക്കാർ കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്ന് ഡ്യൂട്ടിക്കായി കാത്തിരുന്നത് മനസിലാക്കി യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഹെൽപ്പ് ഡെസ്ക്ക് ഭാരവാഹിയുമായ നഹാസ് പത്തനംതിട്ടയാണ് സഹപ്രവർത്തകരുമൊത്ത് ഭക്ഷണവുമായി ഇടത്താവളത്തിൽ എത്തിയത്.
ഈ തീർത്ഥാടനകാലത്ത് ഒരാൾ പോലും ബുദ്ധിമുട്ടനുഭവിക്കാൻ പാടില്ലെന്നും ഈ വർഷം പമ്പ മുതൽ പത്തനംതിട്ട വരെ അയ്യപ്പൻമാരുടെ സേവനത്തിനായി ഹെൽപ്പ് ഡെസ്ക്കിൻറെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും നഹാസ് പത്തനംതിട്ട പറഞ്ഞു.
അവസാന തീർത്ഥാടകരും അവർക്കായി വിവിധ ജോലികൾക്ക് എത്തിയവരുടേയും ആവശ്യങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് ഉണ്ടാവുമെന്നും നഹാസ് പറഞ്ഞു. യൂത്ത് കോൺഗസ് റാന്നി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സുനിൽ യമുന, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അസ്ലം കെ. അനൂപ്, സുധീഷ് പൊതീപ്പാട്, അഖിൽ സന്തോഷ്, കാർത്തിക് മുരിങ്ങമംഗലം, അഖിൽ ടി.എ, സഞ്ജു ബേബിക്കുട്ടൻ, കണ്ണൻ കുമ്പളാംപൊയ്ക, അജ്‌മൽ അലി, ഷാനി കണ്ണംകര, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.