പോർട്ട് ലൂയിസ്: കനത്ത മഴയിലും ചുഴലിക്കാറ്റിലും പരക്കംപാഞ്ഞ് മൗറീഷ്യസ് ജനത. ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയനിൽ ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് അതിശക്തിയോടെ മൗറീഷ്യസ് ലക്ഷ്യമാക്കി നീങ്ങുകയാണ്. മൗറീഷ്യസിലെ ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറിയ പ്രളയജലത്തിൽ കാറുകളും മറ്റും വാഹനങ്ങളും ഒഴുകി നടക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളം അടച്ചിടും. മൗറീഷ്യസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ക്ലാസ് 3 ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ ബാങ്കുകളും സർക്കാർ ഓഫിസുകളും മറ്റു സ്ഥാപനങ്ങളും വരും ദിവസങ്ങളിൽ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
വരും മണിക്കൂറിൽ മഴ അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പ് നൽകി. മൗറീഷ്യസിലെ ഉപദ്വീപായ ലീ മോണിന്റെ പടിഞ്ഞാറുനിന്ന് 170 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ കിഴക്ക്– തെക്കുകിഴക്ക് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് മൗറീഷ്യസ് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.